veg

തൃശൂർ: സംസ്ഥാനത്തെ പഴം, പച്ചക്കറികളിൽ 26.08 ശതമാനത്തിലും കീടനാശിനിയുടെ അംശമെന്ന് കാർഷിക സർവകലാശാല. 2021 ഏപ്രിൽ- സെപ്റ്റംബർ കാലയളവിൽ ശേഖരിച്ച 602 സാമ്പികളുകളിൽ 157 എണ്ണത്തിലും വിഷാംശമുണ്ടെന്നാണ് സർവകലാശാലയുടെ സാമ്പിൾ പരിശോധനയിൽ കണ്ടെത്തിയത്. അതേസമയം കൃഷി ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിൽ കർഷകർ ഉൽപാദിപ്പിച്ച 69.70% പച്ചക്കറികളും സുരക്ഷിതമാണെന്നും കണ്ടെത്തി.

മുളക്, മല്ലി, ജീരകപ്പൊടി ഉൾപ്പെടെയുള്ളവയിൽ നിരോധിച്ചതും ഉഗ്രവിഷമുള്ളതുമായ കീടനാശിനി സാന്നിദ്ധ്യം കണ്ടെത്തി. പൊതുവിപണി, കൃഷിയിടം, ജൈവമെന്ന പേരിലുള്ള കടകൾ, ഇക്കോ ഷോപ്പുകൾ എന്നിവിടങ്ങളിൽ നിന്നായിരുന്നു സാമ്പിൾ ശേഖരിച്ചത്. പൊതുവിപണിയിലെ ഉലുവയില, അയമോദകം, പെരുംജീരകം, പച്ചച്ചീര, നേന്ത്രൻ, ചേന, ചേമ്പ്, ഇഞ്ചി, ചുവന്നുള്ളി, ഉരുളക്കിഴങ്ങ്, ചുരയ്ക്ക, മാങ്ങ, വെളുത്തുള്ളി, വാളരി, പയർ, മത്തൻ, ശീമച്ചക്ക, കൈതച്ചക്ക, തണ്ണിമത്തൻ, പഴം എന്നിവയിൽ വിഷാംശം ഇല്ലെന്നും കണ്ടെത്തി.

കീടനാശിനി അംശം ഇങ്ങനെ

പൊതുവിപണിയിലെ പച്ചക്കറികളിൽ 25.74%.
50 ശതമാനത്തിൽ അധികമുള്ളവ: ചുവന്ന ചീര, ബജിമുളക്, കാപ്‌സിക്കം, സാമ്പാർ മുളക്, പച്ചമുളക്, മല്ലി, പുതിയിനയില, കോവയ്ക്ക, പയർ.
കൃഷിയിടങ്ങളിലെ പച്ചക്കറികളിൽ കീടനാശിനി 42.42%.
കൂടുതലുള്ളവ: പച്ചച്ചീര, ചുവന്ന ചീര, പാവയ്ക്ക, പയർ.
ഇക്കോ ഷോപ്പുകളിലെ പച്ചക്കറി വിഷാംശം 0.23%
കൂടുതലുള്ളവ: ബീൻസ്, സാലഡ് വെള്ളരി.
ജൈവമെന്ന പേരിലുള്ള പച്ചക്കറികളിൽ 29.41%.

വിഷാംശം ഇല്ലാത്തവ

കൃഷിയിടത്തിൽ

അഗത്തിപ്പൂവ്, വെണ്ടയ്ക്ക, നേന്ത്രൻ, കറിവേപ്പില, വഴുതന, കോവയ്ക്ക, ചതുരപ്പയർ, പാളയങ്കോടൻ, രസകദളി, അണ്ണാൻപഴം, റോബസ്റ്റ, പേരയ്ക്ക, പാഷൻ ഫ്രൂട്ട്, കൈതച്ചക്ക.


ഇക്കോ ഷോപ്പുകളിൽ

വെണ്ടയ്ക്ക, കത്തിരി, ചേമ്പ്, മുരിങ്ങയ്ക്ക, കോവയ്ക്ക, കറിവേപ്പില, ചേന, ഇഞ്ചി, നനകിഴങ്ങ്, മാങ്ങ, നേന്ത്രൻ, കപ്പപ്പഴം.

ജൈവമെന്ന പേരിലുള്ളവയിൽ

ബീൻസ്, വെണ്ടയ്ക്ക, കത്തിരി, കാബേജ്, അമരപ്പയർ, മല്ലിയില, മുരിങ്ങയ്ക്ക, പച്ചമുളക്, കോവയ്ക്ക, സാലഡ് വെള്ളരി, തക്കാളി, പയർ, കറുത്ത മുന്തിരി, മാതളം, മാങ്ങ, മുളക്‌പൊടി, പെരുംജീരകം, ജീരകം, മല്ലിപ്പൊടി, ഉണക്കമുന്തിരി.

വിഷത്തെ ചെറുക്കാൻ

പച്ചക്കറികൾ മുറിച്ച് പുളിവെള്ളത്തിൽ കഴുകുക. പഴങ്ങളും ഫ്‌ളവർ, കാരറ്റ് പോലുള്ളവയും മുറിക്കാതെ കഴുകാം.
വിനാഗിരി വെള്ളവും വെജിറ്റബിൾ വാഷും ഉപയോഗിക്കാം. പുളിവെള്ളം കൂടുതൽ ഫലപ്രദം.

സുരക്ഷിത ഭക്ഷണം പദ്ധതി പ്രകാരം സ്ഥിരം പരിശോധനയുണ്ട്. ആറ് മാസം കൂടുമ്പോൾ സർക്കാരിന്റെ വെബ്‌സൈറ്റിൽ ഫലം പ്രസിദ്ധീകരിക്കുന്ന ഏക സംസ്ഥാനമാണ് കേരളം.

ഡോ. മധു സുബ്രഹ്മണ്യം
റിസർച്ച് ഡയറക്ടർ, കാർഷിക സർവകലാശാല