പുതുക്കാട്: ആറ്റപ്പിള്ളി റെഗുലേറ്റർ കംബ്രിഡ്ജിന്റെ അപ്രോച്ച് റോഡ് പ്രാവർത്തികമാക്കുന്നതിന് ആവശ്യമായ പുതുക്കിയ എസ്റ്റിമേറ്റ് ഒരാഴ്ചയ്ക്കുള്ളിൽ തയ്യാറാക്കി സമർപ്പിക്കാൻ മന്ത്രി റോഷി അഗസ്റ്റിന്റെ സാന്നിദ്ധ്യത്തിൽ നിയമസഭാ ചേംബറിൽ ചേർന്ന ഇറിഗേഷൻ, ജല അതോറിറ്റി വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ ധാരണ. പുതുക്കാട് മണ്ഡലത്തിലെ ഇറിഗേഷൻ വകുപ്പുമായും വാട്ടർ അതോറിറ്റിയുമായും ബന്ധപ്പെട്ട പ്രധാന വികസന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി കെ.കെ.രാമചന്ദ്രൻ എം.എൽ.എയുടെ ആവശ്യപ്രകാരമാണ് യോഗം ചേർന്നത്. ആറ്റപ്പിള്ളി റെഗുലേറ്റർ കംബ്രിഡ്ജിന്റെ അപ്രോച്ച് റോഡ് ഉടനെ പൂർത്തീകരിക്കുന്നതിന് ആവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു.
ആറ്റപ്പിള്ളി റഗുലേറ്റർ കം ബ്രിഡ്ജിന്റെ പ്രവർത്തനത്തിനാവശ്യമായ എസ്റ്റിമേറ്റ് പുതുക്കി നൽകുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. തോട്ടുമുഖം ലിഫ്റ്റ് ഇറിഗേഷന്റെ പൈപ്പിടൽ അടക്കമുള്ള മുഴുവൻ പ്രവൃത്തികൾ ഉടനെ തീർക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കും. ഇലക്ട്രിക്കൽ ജോലികൾ പൂർത്തീകരിക്കുന്നതിന് ആവശ്യമായ ഇടപെടൽ നടത്തും. എത്രയും പെട്ടെന്ന് തോട്ടുമുഖം ഇറിഗേഷൻ കമ്മീഷൻ ചെയ്യുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.
യോഗത്തിൽ ജല അതോറിറ്റി ടെക്‌നിക്കൽ മെമ്പർ ജി. ശ്രീകുമാർ, സി.ഇ. ടി.എസ്. സുധീർ, ജല അതോറിറ്റി സൂപ്രണ്ടിംഗ് എൻജിനീയർ പൗളി പീറ്റർ, എക്‌സിക്യൂട്ടീവ് എൻജിനീയർ വിജു മോഹൻ, ഇറിഗേഷൻ വകുപ്പ് ഡെപ്യൂട്ടി സി.ഇ ശ്രീദേവി, കെ.ഐ.ഡി.ആർ.ബി ചീഫ് എൻജിനീയർ ഇൻചാർജ് ആർ. പ്രിയേഷ്, ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർമാരായ ആർ.അജയകുമാർ, കെ. സിന്ധു, കെ.ഇ.ആർ.ഐ ഡയറക്ടർ, സുപ്രഭാ തുടങ്ങിയ ഉദ്യോഗസ്ഥരും യോഗത്തിൽ സംബന്ധിച്ചു.
യോഗ തീരുമാനങ്ങൾ
ഉപ്പുഴി ലിഫ്റ്റ് ഇറിഗേഷൻ ഒന്നാംഘട്ടം നിർമ്മാണ ഉദ്ഘാടനത്തിന് സജ്ജമായി. കാനത്തോട് കുണ്ടുകടവ് പാലം റഗുലേറ്റർ കം ബ്രിഡ്ജ് നിർമ്മാണ ഉദ്ഘാടനവും എത്രയും പെട്ടെന്ന് നടത്തും. ജല അതോറിറ്റിയുമായി ബന്ധപ്പെട്ട മുഴുവൻ പ്രവൃത്തികളും അടിയന്തരമായി തീർക്കും. റോഡ് നവീകരണത്തിന് മുമ്പായി തന്നെ ജല അതോറിറ്റിയുടെ പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്നതിനാവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കും.