
ചേർപ്പ് : 24 ദേവീദേവന്മാർ പങ്കെടുത്ത ദേവമേളയ്ക്ക് മണ്ണും വിണ്ണും ജനസഹസ്രങ്ങളും സാക്ഷിയായി. തൊട്ടിപ്പാൾ പകൽപ്പൂരത്തിൽ പങ്കെടുത്ത ആറാട്ടുപുഴ ശാസ്താവ് ക്ഷേത്രത്തിൽ ഇന്നലെ വൈകീട്ട് തിരിച്ചെത്തി. നിത്യപൂജകൾ, ശ്രീഭൂതബലി എന്നിവയ്ക്ക് ശേഷം ദേവമേളയ്ക്ക് സാക്ഷിയാകാനും ആതിഥേയത്വം വഹിക്കാനും ശാസ്താവ് 15 ഗജവീരന്മാരുടെ അകമ്പടിയോടെ മതിൽക്കെട്ടിന് പുറത്തേയ്‌ക്കെഴുന്നള്ളി നിന്നു.
പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തിൽ 250 ഓളം മേള കലാകാരന്മാർ അണിനിരന്ന പഞ്ചാരിമേളം നാദ വിസ്മയമായി. മേള കലാശത്തിന് ശേഷം എഴുന്നള്ളി നിൽക്കുന്ന ഗജവീരന്മാരുടെ അകമ്പടിയോടെ ആറാട്ടുപുഴ ശാസ്താവ് തേവർ കൈതവളപ്പിൽ എത്തിയിട്ടുണ്ടോ എന്നാരായാനായി, ഏഴുകണ്ടം അതിർത്തിവരെ പോയി.
മടക്കയാത്രയിൽ ശാസ്താവ് നിലപാടുതറയിൽ ആതിഥ്യമരുളി നിന്നു. ചാത്തക്കുടം ശാസ്താവിന്റെ പൂരത്തിന് ശേഷം എടക്കുന്നി ഭഗവതിയുടെ സാന്നിദ്ധ്യത്തിൽ ചാത്തക്കുടം ശാസ്താവിന് നിലപാട് നിൽക്കാൻ ഉത്തരവാദിത്വമേൽപ്പിച്ച് ആറാട്ടുപുഴ ശാസ്താവ് എഴുന്നള്ളിപ്പ് നടത്തി. ആറാട്ടുപുഴ ശാസ്താവ് നിലപാടുതറയിലെത്തിയതോടെ ദേവീദേവന്മാരുടെ പൂരങ്ങൾ ആരംഭിച്ചു. തേവർ കൈതവളപ്പിലെത്തുന്നതു വരെ എഴുന്നള്ളിപ്പുകൾ പൂരപ്പാടത്ത് തുടർന്നു.
രാത്രി പതിനൊന്നോടെ തൊട്ടിപ്പാൾ ഭഗവതിയോടൊപ്പം ചാത്തകുടം ശാസ്താവിന്റെ എഴുന്നള്ളിപ്പുകൾ ആദ്യം നടന്നു. ഏഴ് ആനകളുടെ അകമ്പടിയോടെ പഞ്ചാരിമേളവും മേളക്കൊഴുപ്പേകി. ഒരു മണിയോടെ പൂനിലാർക്കാവ്, കടുപ്പശ്ശേരി, ചാലക്കുടി പിഷാരിക്കൽ ഭഗവതിമാർ അഞ്ച് ആനകളുടെയും പഞ്ചാരിമേളത്തിന്റെയും അകമ്പടിയോടെ എഴുന്നള്ളിപ്പ് നടത്തി. തുടർന്ന് എടക്കുന്നി ഭഗവതിയുടെ എഴുന്നള്ളിപ്പ് ആരംഭിച്ചു.
അഞ്ച് ആനകളുടെ അകമ്പടിയും പഞ്ചാരിമേളവും ഉണ്ടായിരുന്നു. തുടർന്ന് അന്തിക്കാട് ചൂരക്കോട് ഭഗവതിമാർ ആറ് ആനകളുടെയും പഞ്ചാരിമേളത്തിന്റെയും അകമ്പടിയോടെ എഴുന്നെള്ളിപ്പ് നടത്തി. നെട്ടിശ്ശേരി ശാസ്താവ് അഞ്ച് ആനകളുടെ അകമ്പടിയോടും പാണ്ടിമേളത്തോടും കൂടി നടത്തിയ എഴുന്നള്ളിപ്പ് ഭക്തിസാന്ദ്രമായി. അർദ്ധരാത്രി തൃപ്രയാർ തേവർ കൈതവളപ്പിൽ എത്തി പല്ലിശ്ശേരി സെന്റർ മുതൽ കൈതവളപ്പ് വരെ പതിനൊന്ന് ആനകളുടെ അകമ്പടിയോടെ പഞ്ചവാദ്യത്തിന്റെ നാദമധുരിമയിൽ എഴുന്നള്ളിപ്പ് തുടരും. തുടർന്ന് ഇരുപത്തിയൊന്ന് ആനകളുടെയും പാണ്ടിമേളത്തോടെയും ഇടതുവശത്ത് ചാത്തക്കുടം ശാസ്താവും ഊരകത്തമ്മതിരുവടിയും വലതുഭാഗത്ത് ചേർപ്പ് ഭഗവതിയും അണിനിരക്കും.
ഉത്രം വിളക്ക് ഇന്ന്
തൃപ്രയാർ: തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഉത്രം വിളക്ക് ഇന്ന് ആഘോഷിക്കും. ആറാട്ടുപുഴ പൂരത്തിൽ പങ്കെടുത്ത് തിരിച്ച് എഴുന്നള്ളുന്ന തേവർ പഴുവിൽ വെണ്ട്രാശ്ശേരിയിൽ എത്തുമ്പോൾ ഭക്തർക്ക് കഞ്ഞി നൽകും. തുടർന്ന് ക്ഷേത്രത്തിൽ തിരിച്ചെത്തി ഉഷപൂജ കഴിഞ്ഞ് ഊരായ്മക്കാർ കുളിച്ച് വന്ന് മണ്ഡപത്തിൽ ഇരുന്നാൽ ഉത്രം വിളക്ക് വച്ച് ഭഗവാനെ മണ്ഡപത്തിലേക്ക് എഴുന്നള്ളിക്കും.
ബ്രാഹ്മണിപ്പാട്ടിന് ശേഷം പടിഞ്ഞാറെ നടയിലെത്തുന്ന തേവർക്ക് പഞ്ചവാദ്യത്തോടെയുള്ള എതിരേൽപ്പ്, തുടർന്ന് തേവർ സേതുകുളത്തിൽ ആറാടും. ആറാട്ട് കഴിഞ്ഞ് തിരിച്ചെത്തിയാൽ വിളക്കാചാരം കഴിഞ്ഞ് അകത്തേക്ക് എഴുന്നള്ളും. തുടർന്ന് എഴ് ആനകളോടെ ഉത്രം വിളക്ക്, അത്താഴശീവേലി ഉൾപ്പെടെയുള്ള ചടങ്ങുകളോടെ തേവരുടെ ആറാട്ടുപുഴ പൂരച്ചടങ്ങുകൾക്ക് സമാപനമാകും