കുന്നംകുളം: കേച്ചേരി പുഴയിൽ എരുമപ്പെട്ടി, പഴവൂർ പ്രദേശങ്ങളിൽ രാസവസ്തുക്കൾ ഉപയോഗിച്ച് മീൻ പിടിക്കുന്നത് പതിവാകുന്നു. പാറക്കടവ്, കോമഡു, കോട്ടപ്പുറം പ്രദേശങ്ങളിലാണ് വിഷം കലക്കിയുള്ള മീൻ പിടിത്തം വ്യാപകമാകുന്നത്. വേനൽക്കാലമായതോടെ പുഴയിൽ വെള്ളം കുറഞ്ഞിരിക്കുകയാണ്. വെള്ളം കെട്ടിക്കിടക്കുന്ന കടവുകളിലാണ് രാത്രിയിൽ നഞ്ചും രാസവസ്തുക്കളും കലക്കി മീൻ പിടിക്കുന്നത്. ജലജീവികളുടെ ആവാസ വ്യവസ്ഥയ്ക്കും മത്സ്യ സമ്പത്തിനും പ്രതികൂലമാകുന്ന തരത്തിൽ പ്രവർത്തിക്കുന്ന സാമൂഹിക വിരുദ്ധർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറാകണമെന്ന് എരുമപ്പെട്ടി പഞ്ചായത്ത് മെമ്പർ എം.സി. ഐജു ആവശ്യപ്പെട്ടു.