 
കൊടുങ്ങല്ലൂർ: ചന്തപ്പുര - കോട്ടപ്പുറം ബൈപാസിൽ ദീർഘകാലമായി പൊലീസ് കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന വാഹനം കത്തിനശിച്ചു. പണിക്കേഴ്‌സ് ആശുപത്രിക്ക് പടിഞ്ഞാറ് വശം ബൈപാസിലെ സർവീസ് റോഡിൽ പൊലീസ് പിടിച്ചെടുത്ത് സൂക്ഷിച്ചിരുന്ന വാഹനങ്ങളിൽ ടിപ്പർ ലോറിക്കാണ് തീ പിടിച്ചത്. ഇന്നലെ രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം.
ഡിവൈ.എസ്.പി: സലീഷ് എൻ. ശങ്കറിന്റെ നേതൃത്വത്തിൽ പൊലീസും ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് തീയണച്ചു. ഇവിടെ കൂട്ടിയിട്ടിരുന്ന മാലിന്യം കത്തിയതിനെത്തുടർന്നാണ് തീ ടിപ്പർ ലോറിയിലേക്ക് പടർന്നുപിടിച്ചത്. തീ ആളിക്കത്തിയ ഉടൻ പൊലീസെത്തി തീയണയ്ക്കാൻ ശ്രമിച്ചു. പിന്നീട് ഫയർഫോഴ്‌സും സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.
പൊലീസ് പിടിച്ചെടുത്ത മറ്റു വാഹനങ്ങളും ബൈപാസിലെ സർവീസ് റോഡിൽ അങ്ങിങ്ങായി കിടക്കുന്നുണ്ട്. വർഷങ്ങളായി കിടക്കുന്ന വാഹനങ്ങൾ കാട് മൂടിയിരിക്കുകയാണ്. വാഹനങ്ങളുടെ ബാറ്ററികൾ, ടയറുകൾ, പെയിന്റ്, മറ്റ് ഭാഗങ്ങൾ എന്നിവ ക്ഷയിക്കുന്നത് പരിസ്ഥിതിക്കും ദോഷമാകുന്നുണ്ട്. വാഹനങ്ങൾ റോഡുകളിൽ നിന്നും പൊതുസ്ഥലങ്ങളിൽ നിന്നും നീക്കം ചെയ്യണമെന്ന സർക്കാർ നിർദ്ദേശം ഇവിടെ നടപ്പിലായിട്ടില്ല. റോഡുകളിലും തെരുവുകളിലും വാഹനങ്ങൾ ദീർഘകാലം പാർക്ക് ചെയ്യുന്നത് കാൽനടയാത്രക്കാർക്കും വെല്ലുവിളിയാണ്.
കോട്ടപ്പുറം പാലം അപ്രോച്ച് റോഡിന്റെ കിഴക്കുവശത്തും പൊലീസ് പിടിച്ചെടുത്ത വാഹനങ്ങൾ നിറുത്തിയിടുന്നുണ്ട്. വിവിധ കേസുകളിൽ പിടിച്ചെടുത്ത വാഹനങ്ങൾ കാടുമൂടി ഇഴജന്തുക്കളുടെ സുഖവാസ കേന്ദ്രമായി മാറി. വിഷപ്പാമ്പുകളും ഇഴജന്തുക്കളും കാടുകയറിക്കിടക്കുന്ന വാഹനങ്ങളിൽ ഉണ്ടെന്ന് നാട്ടുകാർ പറയുന്നു. ബൈപ്പാസിൽ കഴിഞ്ഞ ഏതാനും നാളുകളായി തീ പടരുന്നത് നിത്യസംഭവമാണ്.