പാവറട്ടി: എളവള്ളി പഞ്ചായത്തിൽ നടപ്പാക്കുന്ന തണ്ണീർക്കുടം പദ്ധതിയിൽ ഉൾപ്പെടുത്തി ഈ വർഷം 5 പൊതുകിണറുകൾ നവീകരിച്ച് നാടിന് സമർപ്പിച്ചു. ഈ വർഷം ഒരു കിണർ കൂടി നവീകരിക്കും. വാർഡ് നാലിൽ സ്ഥിതി ചെയ്യുന്ന എളവള്ളി പാറ സെന്ററിലെ കിണറിന് പുതിയ മുഖം. വലിയ മരത്തിന്റെ ആകൃതിയിലാണ് കിണർ രൂപാന്തരപ്പെടുത്തിയിട്ടുള്ളത്. എളവള്ളി പാറ സെന്ററിലുള്ള മുഴുവൻ കടകളിലേയ്ക്ക് വർഷങ്ങളായി ഈ കിണറിൽ നിന്നാണ് വെള്ളം ഉപയോഗിച്ചു വരുന്നത്. പദ്ധതിയുടെ ഭാഗമായി അഞ്ച് ലക്ഷം രൂപ ചെലവ് ചെയ്ത് ആറ് കിണറുകളാണ് മോടി പിടിപ്പിക്കുന്നത്. പാറ സെന്ററിലേത് നാലാമത്തെ കിണറാണ്. 15-ാം വാർഡിൽ കാക്കശ്ശേരി സ്‌കൂൾ പരിസരത്തെ കിണർ വലിയ ഉരുളിയുടെ ആകൃതിയിലാണ് രൂപാന്തരപ്പെടുത്തിയിട്ടുള്ളത്. ചിറ്റാട്ടുകര സ്വദേശിയായ ശിൽപി ജേക്കബ് ചെമ്മണ്ണൂരാണ് കിണറുകളുടെ നിർമാണം നിർവഹിക്കുന്നത്. എളവള്ളി പഞ്ചായത്ത് പ്രസിഡന്റ് ജിയോഫോക്‌സ് പാറ സെന്ററിലെ കിണറിന്റെ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ബിന്ദു പ്രദീപ് അദ്ധ്യക്ഷയായി. ജനപ്രതിനിധികളും പഞ്ചാ.സെക്രട്ടറി തോമസ് രാജൻ, അസി.എൻജിനീയർ ബാബു കെ.പോൾ എന്നിവരും പ്രസംഗിച്ചു.