river
ചാലക്കുടിപ്പുഴയുടെ പുളിക്കക്കടവിൽ നടന്ന വെള്ളപ്പൊക്ക രക്ഷാപ്രവർത്തനം.

ചാലക്കുടി: പുഴയിൽ ക്രമാതീതമായി ജലനിരപ്പ് ഉയർന്നപ്പോൾ ഒറ്റപ്പെട്ട 16 കുടുംബങ്ങൾക്കായി വിവിധ വകുപ്പുകൾ രംഗത്തിറങ്ങുന്നതും ഇതിനിടയിൽ വെള്ളത്തിൽ വീണുപോയവരെ രക്ഷിക്കുന്നതുമായ രംഗങ്ങൾ ആവിഷ്‌ക്കരിപ്പോൾ പുളിക്കക്കടവ് പ്രദേശത്തിന് അതൊരു വേറിട്ട അനുഭവമായി. അന്നമനട പഞ്ചായത്ത് പ്രസിഡന്റിൽ നിന്ന് ഡിസ്ട്രിക്ട് എമർജൻസി ഓപ്പറേറ്റിംഗ് സെന്ററിലേക്ക് ഫോൺ സന്ദേശമെത്തിയതോടെ റവന്യൂ, പൊലീസ്, ആരോഗ്യം, അഗ്‌നി സുരക്ഷാസേന എന്നിവ ഒറ്റക്കെട്ടായി രംഗത്തിറങ്ങുന്നതായിരുന്നു രംഗം. അഗ്‌നിരക്ഷാ സേനയുടെ വാഹനങ്ങൾ പുഴ പരിസരത്തേയ്ക്ക് പാഞ്ഞു. നിമിഷങ്ങൾക്കകം രക്ഷാപ്രവർത്തകർ സുരക്ഷാസന്നാഹങ്ങളുമായി സ്ഥലത്തെത്തി. പുഴയിൽ സ്‌ക്യൂബ സംവിധാനമുപയോഗിച്ച് 'രക്ഷപ്പെടുത്തിയ' ആളുമായി ആംബുലൻസുകൾ അലാറം മുഴക്കി ആശുപത്രിയിലേയ്ക്ക് കുതിച്ചു. അപായസൂചന കിട്ടി സ്ഥലത്ത് പരിഭ്രാന്തരായി എത്തിയ ജനങ്ങൾ സംഭവിക്കുന്നത് ദുരന്ത നിവാരണ അതോറിറ്റിയുടെ മോക്ഡ്രിൽ ആണെന്നറിഞ്ഞതോടെ ആശ്വസിച്ചു.
ജില്ലാ ഭരണകൂടവും ദുരന്ത നിവാരണ അതോറിറ്റിയും വെള്ളപ്പൊക്ക മുന്നൊരുക്കത്തിന്റെ ഭാഗമായി ചാലക്കുടി താലൂക്കിലെ അന്നമനട പഞ്ചായത്തിലെ പുളിക്കക്കടവിൽ നടത്തിയ മോക് ഡ്രില്ലിനാണ് ജനങ്ങൾ സാക്ഷ്യം വഹിച്ചത്. ജില്ലാ കളക്ടർ ഹരിത വി. കുമാറിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. ഒരുമണിക്കൂറോളം നേരത്തെ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിന് ദുരന്ത നിവാരണ അതോറിറ്റിയുടെ ചുമതല വഹിക്കുന്ന ഡെപ്യൂട്ടി കളക്ടർ ഐ. പാർവതീദേവി, ചാലക്കുടി ഡിവൈ.എസ്.പി. സി.ആർ. സന്തോഷ്, കൊരട്ടി പൊലീസ് എസ്.എച്ച്.ഒ ബി.കെ. അരുൺ, ഇൻസിഡന്റൽ കമാൻഡർ ചാലക്കുടി തഹസിൽദാർ ഇ.എൻ. രാജു, അന്നമനട പഞ്ചായത്ത് പ്രസിഡന്റ് പി.വി. വിനോദ്, മാള പൊലീസ് എസ്.ഐ രമ്യ കാർത്തികേയൻ, ഡെപ്യൂട്ടി തഹസിൽദാർ എം. ശ്രീനിവാസ് എന്നിവർ ദൗത്യത്തിൽ പങ്കാളികളായി. ജില്ലാ ഫയർ ഓഫീസർ അരുൺ ഭാസ്‌കറിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനങ്ങൾ.