
തൃശൂർ: വസ്ത്ര വിലക്കുകൾ ഇന്ത്യയിൽ കേട്ടുകേൾവിയില്ലാത്തതാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു. 'ഇന്ത്യ നമ്മുടേതാണ്' പ്രമേയത്തിൽ മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി നടത്തിയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വൈവിദ്ധ്യങ്ങളുടെ വസ്ത്രം അണിയുമ്പോഴാണ് ഇന്ത്യ സൗന്ദര്യവതിയാകുന്നത്. വിശ്വാസത്തിന്റെ മൗലിക സ്വാതന്ത്ര്യത്തെ ഹനിക്കാനുള്ള നീക്കം ആശങ്കയുണ്ടാക്കുന്നു. ചിലരുടെ പ്രവൃത്തികൾ കാണുമ്പോൾ നമ്മൾ ഇന്ത്യക്കാരല്ലേയെന്ന് സ്വയം സംശയിക്കുന്ന രീതി ഉണ്ടാക്കിതീർക്കുന്നു. ബഹുസ്വരതയാണ് ഇന്ത്യയുടെ സൗന്ദര്യം. ഭാഷയെയും ഭക്ഷണത്തെയും വസ്ത്രത്തെയും ചുരുക്കി കാണുന്നത് ഇന്ത്യയുടെ സംസ്‌കാരമല്ല. മതങ്ങളുടെ ഇന്ത്യ വെല്ലുവിളികളെ ജയിക്കുക തന്നെ ചെയ്യുമെന്നും സാദിഖലി തങ്ങൾ പറഞ്ഞു. ഇന്ത്യയുടെ ജനാധിപത്യ മതേതരത്വമെന്നത് തിരഞ്ഞെടുപ്പുകളിൽ വിജയിച്ചുവെന്ന് കരുതി ഏതെങ്കിലും ശക്തികൾക്ക് തകർക്കാൻ കഴിയുന്ന ഒന്നല്ലെന്ന് മുഖ്യപ്രഭാഷണം നടത്തിയ രാഷ്ട്രീയ നിരീക്ഷകൻ കെ.വേണു പറഞ്ഞു. സണ്ണി എം.കപിക്കാട് , മുസ്‌ലിംലീഗ് നേതാവ് ടി.എ അഹമ്മദ് കബീർ എന്നിവർ പ്രഭാഷണം നടത്തി. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് എ.എം സനൗഫൽ അദ്ധ്യക്ഷനായി. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിമാരായ സി.എച്ച് റഷീദ്, കെ.എസ് ഹംസ, പി.എം സാദിഖലി, ജില്ലാ പ്രസിഡന്റ് സി.എ മുഹമ്മദ് റഷീദ്, ജനറൽ സെക്രട്ടറി പി.എം അമീർ, യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി നൗഷാദ് തെരുവത്ത്, മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം ഇ.പി കമറുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.