തൃശൂർ: കേച്ചേരി ജംഗ്ഷൻ വികസനം നടപ്പാക്കാൻ കിഫ്ബി എക്‌സിക്യൂട്ടീവ് ഡയറക്ടർ അടുത്തയാഴ്ച സ്ഥലം സന്ദർശിച്ച് റോഡ് വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട് നിലവിലുള്ള പ്രശ്‌നങ്ങളും സാദ്ധ്യതകളും പരിശോധിച്ച് അടിയന്തരമായി റിപ്പോർട്ട് ചെയ്യുന്നതിനും പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി.
കുന്നംകുളം മണ്ഡലത്തിലെ കേച്ചേരി ജംഗ്ഷന്റെയും മഴുവഞ്ചേരി മുതൽ ചൂണ്ടൽ വരെയുള്ള റോഡിന്റെയും വികസനവുമായി ബന്ധപ്പെട്ടായിരുന്നു യോഗം. മഴുവഞ്ചേരി മുതൽ ചൂണ്ടൽ വരെ അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് സംസ്ഥാനപാത വീതി കൂട്ടുകയും കേച്ചേരി ജംഗ്ഷൻ വികസനം യാഥാർത്ഥ്യമാക്കുകയും വേണമെന്ന് എം.എൽ.എമാർ അഭിപ്രായപ്പെട്ടു.
കെ.എസ്.ടി.പി നിർമ്മിച്ചുകൊണ്ടിരിക്കുന്ന തൃശൂർ-കുറ്റിപ്പുറം സംസ്ഥാന പാതയുടെ നിർമ്മാണപാതയിൽ വരുന്ന കെ.ആർ.എഫ്.ബി മേൽനോട്ടം വഹിക്കുന്ന കേച്ചേരികുന്നംകുളം ജംഗ്ഷൻ വികസനപ്രവർത്തനങ്ങൾ സംബന്ധിച്ച ഉന്നതതലയോഗം കെ.എസ്.ടി.പി-കെ.ആർ.എഫ്.ബി തലത്തിൽ നടത്തുന്നതിനും തീരുമാനമായി.
എം.എൽ.എമാരായ എ.സി. മൊയ്തീൻ, മുരളി പെരുനെല്ലി, കിഫ്ബി സി.ഇ.ഒ കെ.എം. എബ്രഹാം, പൊതുമരാമത്ത് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, കെ.ആർ.എഫ്.ബി സി.ഇ.ഒ സാംബശിവറാവു, പൊതുമരാമത്ത് റോഡ്‌സ് ചീഫ് എൻജിനീയർ അജിത് രാമചന്ദ്രൻ, കെ.ആർ.എഫ്.ബി ഡെപ്യൂട്ടി സി.ഇ. കവിത, എസ്.ഇ സജീവ്, ഇ.ഇ. മനീഷ, എ.ഇ.ഇ സജിത്, കെ.എസ്.ടി.പി ഇ.ഇ. റിയാദ് തുടങ്ങിയവർ പങ്കെടുത്തു.