കൊടുങ്ങല്ലൂർ: എടവിലങ്ങ് കുഞ്ഞയിനി നടുമുറി കൊട്ടേക്കാട്ട് മുത്തപ്പൻ ഭഗവതി ക്ഷേത്രത്തിലെ തോറ്റംപാട്ട് മഹോത്സവം 18, 19 തീയതികളിൽ നടക്കും. ക്ഷേത്രം തന്ത്രി നടുമുറി ബാബു ശാന്തിയുടെയും ക്ഷേത്രം മേൽശാന്തി കൊട്ടേക്കാട്ട് സുധി ശാന്തിയുടെയും മുഖ്യകാർമ്മികത്വത്തിലാണ് മഹോത്സവച്ചടങ്ങുകൾ നടക്കുന്നത്. 18ന് രാവിലെ 5.30ന് മഹാഗണപതിഹവനം തുടർന്ന് ദേവിക്ക് പൂജ, നാഗങ്ങൾക്ക് കളമെഴുത്തുംപാട്ട്, വൈകീട്ട് 6.30ന് ദീപാരാധന, ഭഗവതിസേവ, പ്രസാദ ശുദ്ധി, അത്താഴപൂജ എന്നീവ നടക്കും.
സമാപന ദിവസമായ 19ന് രാവിലെ 5.30ന് ഗണപതിഹവനം തുടർന്ന് കലശപൂജ, കലശാഭിഷേകം, വീരഭദ്രനും മുത്തപ്പനും കളമെഴുത്തുംപാട്ടും, പറയെടുപ്പും പ്രസാദ ഊട്ടും നടക്കും. വൈകീട്ട് മൂന്നിന് എഴുന്നള്ളിപ്പ്, പന്തീരാഴി പൂജ, വൈകീട്ട് 6.30ന് ദീപാരാധന, പറയെടുപ്പ്, ഹനുമാൻ സ്വാമിക്ക് നിവേദ്യ സമർപ്പണവും രാത്രി എട്ടിന് അത്താഴപൂജ, അന്നദാനം, ദേവിയുടെ തോറ്റംപാട്ട് ആരംഭവും തുടർന്ന് എഴുന്നള്ളിപും ഉണ്ടാകും. ശേഷം ഗുരുതി തർപ്പണത്തിന് ശേഷം മംഗളപൂജയോടെ മഹോത്സവം സമാപിക്കും. നടതുറപ്പു ദിവസമായ 26ന് ശനി വൈകീട്ട് കലംപൂജയും നടക്കും.