kazhibram-school

എടമുട്ടം: 51 അക്ഷരം ചൊല്ലിപ്പഠിപ്പിച്ച് അറിവിന്റെ പച്ചപ്പും തണലും നൽകിയ അദ്ധ്യാപകരുടെ വിരമിക്കൽ ചടങ്ങിന് 51 തൈകൾ നൽകി വിദ്യാർത്ഥികളുടെ യാത്രാമംഗളം. കഴിമ്പ്രം വി.പി.എം എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപകരുടെ യാത്രഅയപ്പ് വേളയാണ് പൂർവ വിദ്യാർത്ഥികൾ ഹരിതാഭമാക്കിയത്. ഡോ. ആർ. സുരേഷ്, ടി.ആർ. അംബിക, സരിത നാരായണൻകുട്ടി എന്നീ അദ്ധ്യാപകർക്കാണ് മധുര നെല്ലിക്ക എന്ന് പേരിട്ട ചടങ്ങിൽ യാത്രഅയപ്പ് നൽകിയത്.

മന്ദാരം, പേരയ്ക്ക തൈകളാണ് വിതരണം ചെയ്തത്. വിദേശത്തുള്ള പൂർവ വിദ്യാർത്ഥികൾ തങ്ങളെ പഠിപ്പിച്ച അദ്ധ്യാപകർക്ക് ഓൺലൈനിലൂടെ ഹാപ്പി ഡേയ്‌സ് എന്നപേരിൽ യാത്രാ മംഗളം ആശംസിച്ചു. കേരള സാഹിത്യ അക്കാഡമി വൈസ് പ്രസിഡന്റ് അശോകൻ ചെരുവിൽ മധുരനെല്ലിക്ക ഉദ്ഘാടനം ചെയ്തു.

വലപ്പാട് പഞ്ചായത്ത് വാർഡ് മെമ്പർ ഷൈൻ നെടിയിരിപ്പിൽ അദ്ധ്യക്ഷനായി. കവിയും ഗാനരചയിതാവുമായ എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ മുഖ്യാതിഥിയായി. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ടി.വി. മദന മോഹനൻ മുഖ്യപ്രഭാഷണം നടത്തി. എസ്.എൻ.ഡി.പി യോഗം നാട്ടിക യൂണിയൻ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ തഷ്ണാത്ത് അദ്ധ്യാപകരെ ആദരിച്ചു. ശോഭാ സുബിൻ, എം.പി. നാടാഷ, ഇ.ഐ. മുജീബ് എന്നിവർ സംസാരിച്ചു.