കൊടുങ്ങല്ലൂർ: എടവിലങ്ങിൽ അംഗൻവാടിയിലെ വിദ്യാർത്ഥിയെ ടീച്ചർ അവഹേളിച്ചെന്ന ആരോപണത്തെത്തുടർന്ന് മർദ്ദനവും പോസ്റ്റർ പ്രചരണവും പൊലീസ് ജീപ്പ് തടഞ്ഞ് പ്രതിഷേധവും. എടവിലങ്ങ് ഒന്നാം വാർഡിലെ മഹാത്മാ അംഗൻവാടിയിൽ ചൊവ്വാഴ്ചയാണ് സംഭവങ്ങളുടെ തുടക്കം. ഭിന്നശേഷിക്കാരനായ കുട്ടിയെ ടീച്ചർ പുറത്തുനിറുത്തി അവഹേളിച്ചുവെന്നായിരുന്നു രക്ഷിതാക്കളുടെ പരാതി.
സംഭവം ചർച്ച ചെയ്യാനായി വാർഡ് മെമ്പർ ഗിരീഷിന്റെ സാന്നിദ്ധ്യത്തിൽ അംഗൻവാടി വെൽഫയർ കമ്മിറ്റി യോഗം ചേരുന്നതിനിടെ പുറത്തുനിന്നും എത്തിയവർ യോഗത്തിൽ പങ്കെടുക്കാൻ ശ്രമിച്ചതിനും തർക്കത്തിനിടയാക്കി. വാക്കുതർക്കത്തിനിടെ വെൽഫെയർ കമ്മിറ്റി അംഗമായ സഗീറിന് മർദ്ദനമേറ്റു. കുട്ടിയുടെ ബന്ധുവാണ് തന്നെ മർദ്ദിച്ചതെന്നാണ് സഗീറിന്റെ ആരോപണം.
സംഭവത്തെത്തുടർന്ന് അംഗൻവാടി ടീച്ചർക്കെതിരെ സാമൂഹിക മാദ്ധ്യമങ്ങളിലും പ്രചാരണം നടക്കുന്നുണ്ട്. പ്രദേശത്ത് പതിച്ചിരുന്ന പോസ്റ്റുകൾ പൊലീസ് നീക്കം ചെയ്തു. എന്നാൽ അത് ചോദ്യം ചെയ്ത് ഒരു സംഘം ഇന്നലെ അതുവഴിവന്ന പൊലീസ് ജീപ്പ് തടഞ്ഞു. സർക്കിൾ ഇൻസ്‌പെക്ടർ പൊലീസ് ജീപ്പ് തടഞ്ഞവരുമായി ഫോണിൽ ചർച്ച നടത്തിയതിനെ തുടർന്നു പ്രതിഷേധക്കാർ പിൻവാങ്ങിയത്.
സംഭവങ്ങളുമായി ബന്ധപ്പെട്ട് ഡിവൈ.എസ്.പി സലീഷ് കെ. ശങ്കരൻ പരാതിക്കാരുമായും പ്രദേശത്തെ രാഷ്ട്രീയ നേതാക്കളുമായും ചർച്ച നടത്തി. പരാതികൾ പരിശോധിച്ച് കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.