ഗുരുവായൂർ: കോൺഗ്രസുകാരുടെ വധഭീഷണിയെ തുടർന്ന് കോൺഗ്രസ് വിട്ട് സി.പി.എമ്മുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചതായി മമ്മിയൂർ ദേവസ്വം മുൻ ചെയർമാനും വാക്കേക്കാട് ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ കെ.കെ. വിശ്വനാഥൻ പത്രസമ്മേളനത്തിൽ അറിയിച്ചു. 54 വർഷമായി കോൺഗ്രസ് പ്രവർത്തകനായ തനിയ്ക്ക് പൂക്കോട് മണ്ഡലം പ്രദേശത്തുനിന്ന് പല പ്രശ്‌നങ്ങളും നേരിട്ടപ്പോഴൊക്കെ ഡി.സി.സി.പ്രസിഡന്റടക്കമുള്ള നേതാക്കളെയെല്ലാം വിവരമറിയിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു. എന്നാൽ നടപടികളൊന്നുമുണ്ടായിട്ടില്ല. മണ്ഡലം രണ്ടായി വിഭജിച്ചശേഷമുള്ള പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് പ്രശ്‌നങ്ങൾക്കു കാരണം. കഴിഞ്ഞ മാസം 11 ന് രാത്രി കോൺഗ്രസിലെ ഒരുവിഭാഗമാളുകൾ ക്വട്ടേഷൻ സംഘത്തെ വീട്ടിലേയ്ക്ക് അയച്ചാണ് ഭീഷണി മുഴക്കിയത്. ഇനിയുള്ള കാലം സുരക്ഷിതത്വമാണ് വേണ്ടതെന്നും വിശ്വനാഥൻ പറഞ്ഞു.