പറപ്പൂർ: തോളൂർ പഞ്ചായത്തിലെ മുഴുവൻ ജനങ്ങൾക്കും ശുദ്ധജലം എത്തിക്കുന്ന ജലജീവൻ പദ്ധതി നടപ്പാക്കാനുള്ള അവസാനഘട്ട യോഗം പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. പോൾസന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് ശ്രീകല കുഞ്ഞുണ്ണി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഷീന വിത്സൺ, ഷീനാ തോമസ്, പഞ്ചായത്ത് സെക്രട്ടറി സുഷമ, ജല അതോറിറ്റി എക്‌സിക്യൂട്ടീവ് എൻജിനീയർ ജയപ്രകാശ്, നിർവഹണ ഏജൻസി കോ-ഓർഡിനേറ്റർ ജയപ്രകാശ് എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി. തുടർന്ന് ടാങ്ക് സ്ഥാപിക്കുന്ന സ്ഥലം പഞ്ചായത്ത് പ്രസിഡന്റും ജനപ്രതിനിധികളും ജല അതോറിറ്റി ഉദ്യോഗസ്ഥരും സന്ദർശിച്ചു. പദ്ധതി നടപ്പാക്കുന്ന ജല അതോറിറ്റി ഉദ്യോഗസ്ഥരും നിർവഹണ സഹായ ഏജൻസി കോ-ഓർഡിനേറ്റർമാരും യോഗത്തിൽ പങ്കെടുത്തു.

വിനിയോഗിക്കുക കരുവന്നൂർ പുഴയിലെ വെള്ളം
വല്ലച്ചിറ പഞ്ചായത്തിലെ കരുവന്നൂർ പുഴയിൽ നിന്ന് ശുദ്ധീകരിച്ച വെള്ളം തോളൂർ ശ്മശാനത്തിലെ 15 സെന്റ് സ്ഥലത്ത് 8 ലക്ഷം ലിറ്റർ വെള്ളം നിറയ്ക്കാവുന്ന ടാങ്കിൽ സംഭരിച്ച് പഞ്ചായത്തിലെ വാർഡുകളിലേക്ക് വിതരണം ചെയ്യുന്നതാണ് പദ്ധതി. ഇതിനായി 75% കേന്ദ്രഫണ്ടും 15% പഞ്ചായത്തും 10% ഗുണഭോക്തൃ വിഹിതവും ചേർന്ന ഫണ്ട് ചെലവഴിച്ച് 2024 മാർച്ച് മാസത്തിനകം പദ്ധതി പൂർത്തീകരിക്കും. പഞ്ചായത്തിൽ പദ്ധതി നടപ്പിലാക്കുന്നതിനെക്കുറിച്ച് വിശദീകരിക്കുന്നതിന് ക്ലസ്റ്റർ യോഗങ്ങൾ ഈ മാസം 20 മുതൽ നടത്താൻ തീരുമാനിച്ചു.