arat

ചേർപ്പ്: ആറാട്ടുപുഴ ശാസ്താവിന്റെ ഗ്രാമബലി ഭക്തി സാന്ദ്രം. ഇന്നലെ ശ്രീഭൂതബലി കഴിഞ്ഞ് ക്ഷേത്രപാലകന് തൂവുന്നതിനു മുമ്പ് വലിയപാണി കൊട്ടി ഗ്രാമബലിക്ക് ശാസ്താവിനെ വാതിൽ മാടത്തിൽ ആവണപ്പലകയിൽ എഴുന്നള്ളിച്ചു. തന്ത്രിയുടെ അനുമതിയോടെ ഗ്രാമബലിക്ക് ശാസ്താവ് രാത്രി പുറത്തേക്ക് എഴുന്നെള്ളി.

ക്ഷേത്രത്തിന്റെ മുൻവശത്തുള്ള വില്ലൂന്നി തറയിലാണ് ആദ്യം തൂവിയത്. ജലാശയം, ക്ഷേത്രങ്ങൾ, നാൽവഴിക്കൂട്ട്, പെരുവഴി, ഉത്തമവൃക്ഷം, ഗ്രാമത്തിന്റെ നാലതിരുകൾ എന്നിവിടങ്ങളിലൊക്കെ തന്ത്രി ബലി തൂവി. ആറാട്ടുപുഴയിൽ നിന്നും പുറപ്പെട്ട് വിശാലമായ പാടത്തുകൂടി കൊറ്റംകുളങ്ങര, മൈമ്പിള്ളി, ഊരകം, ക്ടായ് കുളങ്ങര, അയിനിക്കാട്, മുത്തുള്ളിയാൽ, ചേർപ്പ്, തായംകുളങ്ങര, മേക്കാവ്, പെരുവനം, തിരുവുള്ളക്കാവ്, വല്ലച്ചിറ, ചാത്തക്കുടം, പിടിക്കപ്പറമ്പ്, പിഷാരിക്കൽ ക്ഷേത്രങ്ങളിൽ ബലി തൂവുകയും പിഷാരിക്കൽ ഭഗവതിയുടെ ആറാട്ടു കടവിൽ നിന്നും വഞ്ചിയിൽ പുഴയ്ക്കക്കരെ കടന്ന് തൊട്ടിപ്പാൾ, മുളങ്ങ്, എന്നീ ക്ഷേത്രങ്ങളിലും ബലി തൂവി.

വഞ്ചി വഴി ശാസ്താം കടവിൽ വന്ന് ആന പുറത്ത് തിടമ്പേറ്റി ക്ഷേത്രത്തിലെത്തി. വഴിനീളെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി. ആറാട്ടുപുഴ ക്ഷേത്രത്തിൽ തിരിച്ചെത്തി ക്ഷേത്രപാലകന് ബലി തൂവിയതോടെ ഗ്രാമബലി അവസാനിച്ചു. ശാസ്താവിനെ ശ്രീകോവിലിലേക്ക് എഴുന്നള്ളിച്ചതിനുശേഷം കൊടിക്കൂറ താഴെ ഇറക്കി കൊടിമരം ഇളക്കി മാറ്റിയതോടെ പൂര ചടങ്ങുകളും സമാപിച്ചു.