ചേർപ്പ്: ചുറ്റുവട്ടം നാട്ടുചന്ത ഇന്ന് മുതൽ എല്ലാ ശനിയാഴ്ചകളിലും ചേർപ്പ് പെരുമ്പിള്ളിശ്ശേരിയിൽ നടക്കും. സിവിൽ സ്‌റ്റേഷനിൽ കർഷകരുടെ കടയുടെ പരിസരത്ത് ഉച്ചയ്ക്ക് രണ്ട് മുതൽ വൈകിട്ട് ആറ് വരെയാകും ചന്തയുടെ പ്രവർത്തനം.
പ്രിൻസൻ അവിണിശ്ശേരിയുടെ നേതൃത്വത്തിലുള്ള ചുറ്റുവട്ടം സൗജന്യ ഓൺലൈൻ കൂട്ടായ്മയുടെയും ജയ് കിസാൻ ആന്ദോളൻ എന്ന കർഷക സംഘടനയുടെയും പിന്തുണയോടെ രൂപീകരിച്ച ജനകീയ സമിതിയാണ് ചന്ത നടത്തുന്നത്. ജനകീയ കമ്മിറ്റിയിൽ രാമദാസ് മേനോൻ പ്രസിഡന്റും മോഹനൻ സെക്രട്ടറിയും അലക്‌സി ട്രഷററുമാണ്.
ടി.എൻ. പ്രതാപൻ എം.പി ഇന്ന് നാട്ടുചന്ത ഉദ്ഘാടനം ചെയ്യും. നാടൻ വിത്തുകളുടെ പ്രചാരണവും സംരക്ഷണവും ലക്ഷ്യം വച്ച് ആരംഭിക്കുന്ന നാട്ടുചന്തയുടെ 'വിത്ത് ബാങ്ക് ' ഉദ്ഘാടനം സി.സി. മുകുന്ദൻ എം.എൽ.എ നിർവഹിക്കും. ചേർപ്പ് പഞ്ചായത്ത് പ്രസിഡന്റ് സുജിഷ കള്ളിയത്ത് ആദ്യ വിൽപ്പന വാർഡ് മെമ്പർ ശ്രുതി ശ്രീശങ്കറിന് നൽകി നിർവഹിക്കും. സന്ദർശകർക്കായി ഏർപ്പെടുത്തിയ സമ്മാനക്കൂപ്പൺ വിതരണം ബ്ലോക്ക് മെമ്പർ ഷീല ഹരിദാസ് നിർവഹിക്കും.
നാട്ടുചന്ത
കർഷകർക്കും സംരംഭകർക്കും അവരുടെ ഉത്പന്നം രജിസ്‌ട്രേഷൻ ചാർജും വാടകയും കമ്മിഷനും ഇല്ലാത ചേർപ്പ് ചുറ്റുവട്ടം നാട്ടുചന്തയിൽ വിൽക്കാനാകും. കർഷകരുടെ ഉത്പന്നങ്ങൾക്ക് ന്യായവില ലഭിക്കാനും ഇടനിലക്കാരുടെ ചൂഷണം അവസാനിപ്പിക്കാനുമായി കഴിയുമെന്നാണ് പ്രതീക്ഷ. വിവരങ്ങൾക്ക് ഫോൺ: 9400190421.