e-sreedharan

തൃശൂർ: കെ- റെയിലിൽ മുഖ്യമന്ത്രിയുടേത് മർക്കട മുഷ്ടിയാണെന്ന് ഇ.ശ്രീധരൻ കുന്നംകുളത്ത് മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.

പദ്ധതി നടപ്പാക്കാനുള്ള നീക്കത്തിൽ നിന്ന് മുഖ്യമന്ത്രി പിന്തിരിയണം. സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിക്കുന്നത് അംഗീകരിക്കാനാവില്ല. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകർക്കുന്ന പദ്ധതിയാണ് കെ. റെയിൽ. പരിസ്ഥിതി നാശവും, കുടിയിറക്കലും ഉണ്ടാകും. അതിവേഗ പാതയ്ക്ക് കേരളത്തിലെ ഭൂമി യോജ്യമല്ല. പദ്ധതി അനുമതിക്കായി സർക്കാർ ചെലവ് ചുരുക്കിക്കാണിക്കുകയാണ്. കെ -റെയിൽ അതിർത്തി മതിലുകൾ കേരളത്തെ പിളർക്കും. നദികളുടെ നീരൊഴുക്ക് കുറയ്ക്കും. പദ്ധതിക്കായി ഏറ്റെടുക്കേണ്ട ഭൂമിയുടെ പകുതി പോലും കണക്കാക്കിയിട്ടില്ല.

കൊച്ചി മെട്രോയുടെ പില്ലർ നിർമ്മാണത്തിലെ വീഴ്ച ഡി.എം.ആർ.സി പരിശോധിക്കുമെന്നും എങ്ങനെ പിശക് വന്നുവെന്ന് വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. മെട്രോയിലെ ഒരു പില്ലറിന് ബലക്ഷയം സംഭവിച്ചെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.