കയ്പമംഗലം: ഉത്സവത്തിനിടെ ക്ഷേത്ര ശ്രീകോവിലിനരികിൽ വെളിച്ചപ്പാടിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നാലാം പ്രതി കൂരിക്കുഴി കാരെകാട്ടിൽ സുമേഷിന് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപയും ശിക്ഷ വിധിച്ചതോടെ കേസിലെ മൂന്ന് പ്രതികൾക്കും ശിക്ഷ കിട്ടിയ സന്തോഷത്തിലാണ് പ്രദേശവാസികൾ. 2007 മാർച്ച് 27ന് കയ്പമംഗലം കൂരിക്കുഴി കോഴിപറമ്പിൽ ഭദ്രകാളി ക്ഷേത്രത്തിലെ വെളിച്ചപ്പാടായിരുന്ന കോഴിപറമ്പിൽ ഗംഗാധരൻ മകൻ ഷൈനിനെ നാട്ടിലെ ഗുണ്ടാ സംഘം വെട്ടികൊലപെടുത്തിയ കേസിലാണ് നാലാം പ്രതിയായിരുന്ന സുമേഷിനെതിരെയും ശിക്ഷ വിധിച്ചത്. ഈ കേസിൽ നേരത്തെ ഒന്നാം പ്രതിക്ക് വധശിക്ഷയും, മൂന്നാം പ്രതിക്ക് ജീവപര്യന്തം ശിക്ഷയും ലഭിച്ചിരുന്നു. രണ്ട് പ്രതികൾ ഇപ്പോഴും ഒളിവിലാണ്. കൂരിക്കുഴിയിലും സമീപ പ്രദേശങ്ങളിലും ക്രമസമാധാനം തകർക്കുന്ന രീതിയിലുള്ള ഗുണ്ടാ അക്രമങ്ങൾക്കെതിരെ മരിച്ച ഷൈനിന്റെ നേതൃത്വത്തിൽ വിവിധ രാഷ്ടീയ പാർട്ടികൾ ആക്ഷൻ കൗൺസിൽ രൂപീകരിച്ചതുമായി ബന്ധപ്പെട്ടുള്ള വിരോധമാണ് ഷൈനിന്റെ കൊലപാതകത്തിൽ കലാശിച്ചത്.
നാലാം പ്രതിക്ക് സംഘപരിപാറുമായി ബന്ധമില്ലെന്ന് ബി.ജെ.പി
വെളിച്ചപ്പാട് കൊലക്കേസിലെ നാലാം പ്രതി കാരക്കാട് സുമേഷിനെ ജീവപര്യന്തം ശിക്ഷിച്ച വാർത്ത മാദ്ധ്യമങ്ങളിൽ വന്നത് അസംബന്ധമാണെന്നും, വെളിച്ചപ്പാട് കൊലക്കേസിലെ പ്രതികൾക്ക്, ബി.ജെ.പിയായോ സംഘപരിവാർ സംഘടനകളുമായോ യാതൊരു ബന്ധവുമില്ലെന്നും ബി.ജെ.പി, ഒ.ബി.സി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി സതീശൻ തെക്കിനിയേടത്ത് പത്രകുറിപ്പിൽ അറിയിച്ചു.