kk

കൊടുങ്ങല്ലൂർ: മക്കളുമായി സ്കൂട്ടറിൽ പോകവേ,അയൽവാസിയായ യുവാവ് പിന്തുർന്ന് വടിവാൾകൊണ്ട് വെട്ടിവീഴ്ത്തിയ യുവതി മരിച്ചു.

എറിയാട് കേരള വർമ്മ സ്‌കൂളിന് സമീപത്തെ നിറക്കൂട്ട് എന്ന സ്വന്തം റെഡിമെയ്ഡ് സ്ഥാപനം നടത്തുന്ന നാസറിന്റെ ഭാര്യ റിൻസിയാണ് (30) ഇന്നലെ രാവിലെ എട്ടരയോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.

വ്യാഴാഴ്ച രാത്രി ഏഴരയോടെ എറിയാട് ബ്ലോക്ക് ഓഫീസിന് തെക്കുവശം മാങ്ങറാംപറമ്പിലെ വീട്ടിലേക്ക് പോകവേ, മറ്റൊരു സ്കൂട്ടറിൽ പിന്തുടർന്ന് ഇടിച്ചുവീഴ്ത്തിയശേഷം ആക്രമിക്കുകയായിരുന്നു. ഈ സമയം ഭർത്താവ് നാസർ കടയിലായിരുന്നു.

അയൽവാസിയും ഇവരുടെ സ്ഥാപനത്തിലെ മുൻ ജീവനക്കാരനുമായ റിയാസിനായി (ചിപ്പു-38) പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. പ്രതി അവിവാഹിതനാണ്.ലോക്ക് ഡൗൺ കാലത്ത് നാലുമാസം ഈ കടയിൽ ജോലി ചെയ്തിരുന്നു.

വെട്ട് തടയാൻ ശ്രമിക്കവേ, വലതുകൈയുടെ നാല് വിരലുകൾ അറ്റുവീണു. കഴുത്തിൽ ആഴത്തിൽ വെട്ടേറ്റു. കുട്ടികളുടെ നിലവിളി കേട്ടെത്തിയ പരിസരത്തുള്ളവരാണ് റിൻസിയെ ചന്തപ്പുരയിലുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. പരിക്ക് ഗുരുതരമായതിനാൽ രാത്രി പത്തരയോടെ തൃശൂരിലേക്കു കൊണ്ടുവന്നു. സംഭവത്തിനുശേഷം റിയാസ് സ്‌കൂട്ടർ വീട്ടിൽ കൊണ്ടുവച്ചശേഷം കുളി കഴിഞ്ഞാണ് രക്ഷപ്പെട്ടത്.

പറവൂർ മാഞ്ഞാലി സ്വദേശിയായ കലാപുരയ്ക്കൽ അബ്ദുൾ സലാമിന്റെയും റംലത്തിന്റെയും മൂന്ന് മക്കളിൽ ഇളയവളാണ് റിൻസി. ഈ കുടുംബം ഏഴ് വർഷം മുമ്പാണ് എറിയാട് പ്രദേശത്ത് താമസമാക്കിയത്. വിദേശത്തായിരുന്ന ഭർത്താവ് നാസർ നാല് വർഷം മുമ്പാണ് റെഡിമെയ്ഡ് സ്ഥാപനം ആരംഭിച്ചത്.

മക്കൾ: റിഹാ (എറിയാട് കെ.വി.എച്ച്.എസ്, അഞ്ചാം ക്ലാസ് ), ദായി മുഹമ്മദ് (എൽ.കെ.ജി ).മൃതദേഹം തൃശൂർ മെഡി.കോളേജിൽ പോസ്റ്റുമോർട്ടം നടത്തി.

റൂറൽ എസ്.പി ഐശ്വര്യ ഡോംഗ്രേയുടെ നേതൃത്വത്തിൽ അന്വേഷണസംഘം സ്ഥലം സന്ദർശിച്ചു. വിരലടയാള വിദഗ്ദ്ധസംഘവും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി.

പക, 36 വെട്ട്

റിൻസിയുടെ ശരീരത്തിൽ 36 മുറിവുണ്ടായിരുന്നതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. പുറത്തും പിൻകഴുത്തിലും തലയിലുമായാണ് കൂടുതൽ മുറിവുകൾ. തുരുതുരായുള്ള വെട്ടിൽ മുടിയുൾപ്പെടെ മുറിഞ്ഞുപോയി.

ഏതാനും നാൾ മുമ്പ് റിൻസിയുടെ വീട്ടിലെത്തി കുട്ടികളുടെ മുമ്പിൽ വച്ച് ഭർത്താവുമായി കലഹിച്ച് ഉന്തും തള്ളും നടന്നിരുന്നു. റിൻസി കൊടുങ്ങല്ലൂർ പൊലീസിൽ പരാതി നൽകിയെങ്കിലും ഒത്തുതീർപ്പാക്കി. ഈ വൈരാഗ്യവും കൊലപാതകത്തിന് കാരണമായി. അവളെ കൊന്ന് ഞാനും ചാവുമെന്ന് പലരോടും പറഞ്ഞിരുന്നതായി നാട്ടുകാർ പറയുന്നു.