photo

മച്ചാട് രാമകൃഷ്ണൻ നായരെ മണിമലർക്കാവ് ക്ഷേത്രതട്ടകം സുവർണമുദ്ര നൽകി ആദരിക്കുന്ന ചടങ്ങ് പത്മശ്രീ ഡോ. കലാമണ്ഡലം ഗോപി ഉദ്ഘാടനം ചെയ്യുന്നു.

വടക്കാഞ്ചേരി: എല്ലാത്തരം കലകളെയും സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ കടമയാണെന്ന് പത്മശ്രീ ഡോ. കലാമണ്ഡലം ഗോപി അഭിപ്രായപ്പെട്ടു. കല നിലനിൽക്കുമ്പോഴേ മനുഷ്യനന്മയ്ക്ക് ആയുസുണ്ടാകൂ, മനസിന്റെ പിരിമുറുക്കം കുറയ്ക്കാൻ കലകൾക്കേ കഴിയൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 55 വർഷമായി കൊമ്പുവാദ്യകലാരംഗത്ത് നിറഞ്ഞുനിൽക്കുന്നതും വേലൂർ മണിമലർക്കാവ് ദേവീക്ഷേത്രത്തിലെ അടിയന്തിരക്കാരനുമായ മച്ചാട് രാമകൃഷ്ണൻനായരെ മണിമലർക്കാവ് ക്ഷേത്രതട്ടകം സുവർണമുദ്ര നൽകി ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്ഷേത്രസമിതി പ്രസിഡന്റ് തെക്കൂട്ട് ശിവരാമൻ അദ്ധ്യക്ഷത വഹിച്ചു. പത്മശ്രീ കലാമണ്ഡലം ഗോപിയാശാൻ മച്ചാട് രാമകൃഷ്ണൻ നായരെ പൊന്നാട അണിയിച്ച് മണിമലർക്കാവിന്റെ സുവർണമുദ്രയും ഫലകവും നൽകി ആദരിച്ചു. ഗുരുവായൂർ ആദിത്യന്റെ അഷ്ടപദിയോടെ ആരംഭിച്ച ചടങ്ങിൽ ക്ഷേത്രം ട്രസ്റ്റി ശിവദാസ് പെരുവഴിക്കാട്ട്, മുൻ ട്രസ്റ്റി രാമകൃഷ്ണൻ നമ്പ്യാർ, സെക്രട്ടറി സുജീഷ് അരുവാത്തോട്ടിൽ, ക്ഷേത്രസമിതിയംഗം കണ്ടമ്മാട്ടിൽ സേതുമാധവൻ തുടങ്ങിയവർ സംസാരിച്ചു. മൂന്ന് ദിവസമായി നടന്ന പ്രതിഷ്ഠാദിനത്തിനും സമാപനത്തോടനുബന്ധിച്ചുള്ള മഹാപൊങ്കാലയ്ക്കും ക്ഷേത്രം തന്ത്രി കീഴ്മുണ്ടയൂർ നീലകണ്ഠൻ നമ്പൂതിരിയും ക്ഷേത്രം മേൽശാന്തി വൈകുണ്ഡം നാരായണൻ നമ്പൂതിരിയും മുഖ്യകാർമ്മികരായി.