കൊരട്ടി: ബിവറേജസ് ഔട്ട്‌ലെറ്റ് സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേയ്ക്ക് മാറ്റി സ്ഥാപിച്ച നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കൊരട്ടി പഞ്ചായത്ത് കമ്മിറ്റി പ്രമേയം പാസാക്കി. എന്നാൽ എൽ.ഡി.എഫിന്റെ ഇരട്ടത്താപ്പാണ് ഇതിന്റെ പിന്നിലെന്ന് ആരോപിച്ച് യു.ഡി.എഫിന്റെ നേതൃത്വത്തിൽ പ്രതിപക്ഷം യോഗം ബഹിഷ്‌കരിച്ചു. മാർക്കറ്റ് കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഔട്ട്‌ലെറ്റിൽ പഞ്ചായത്തിന് വലിയൊരു തുക വരുമാനം ലഭിച്ചിരുന്നെന്ന് പ്രമേയം അവതരിപ്പിച്ച് പ്രസിഡന്റ് പി.സി. ബിജു പറഞ്ഞു. എന്നാൽ ഇതെല്ലാം ഭരണ സമിതിയുടെ തന്ത്രങ്ങളാണെന്ന് യോഗം ബഹിഷ്‌കരിച്ചുകൊണ്ട് നടത്തിയ ധർണയിൽ യു.ഡി.എഫ് അംഗങ്ങൾ പറഞ്ഞു. യു.ഡി.എഫ് അംഗങ്ങളായ വർഗീസ് പയ്യപ്പിള്ളി, വർഗീസ് തച്ചുപറമ്പൻ, ചാക്കപ്പൻ പോൾ, ഗ്രേസി സ്‌കറിയ, പോൾസി ജിയോ തുടങ്ങിയവരാണ് ഇറങ്ങിപ്പോയത്. ഇപ്പോഴത്തെ ഷോപ്പിന്റെ മാറ്റം അപകടത്തിനും സാദ്ധ്യതയുണ്ടെന്ന് കോൺഗ്രസ് അംഗങ്ങൾ ചൂണ്ടിക്കാട്ടി. തുടർന്ന് നടന്ന പ്രതിഷേധ യോഗത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എം.എ. രാമകൃഷ്ണൻ അദ്ധ്യക്ഷനായി. ഫിൻസോ തങ്കച്ചൻ, സി.എം. ഡേവിസ്, വർഗീസ് പൈനാടത്ത്, ടോജി ജേക്കബ്, ബിജോയ് വെളിയത്ത് തുടങ്ങിയവർ സംസാരിച്ചു.
കൊരട്ടിയിലെ ബിവറേജസ് ഔട്ട്‌ലെറ്റ് പഞ്ചായത്ത് അധികൃതർ അറിയാതെ മാറ്റി സ്ഥാപിച്ച നടപടിയിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി. ഇതിനായി അണിയറയിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ബിവറേജസ് ഷോപ്പിന് മുൻപിൽ നടന്ന ധർണ ഉദ്ഘാടനം ചെയ്ത് മുൻ എം.എൽ.എ ബി.ഡി. ദേവസി ആവശ്യപ്പെട്ടു. സി.പി.ഐ ലോക്കൽ സെക്രട്ടറി ടി.വി. രാമകൃഷ്ണൻ അദ്ധ്യക്ഷനായി. കേരള കോൺഗ്രസ് സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റിയംഗം ഡെന്നീസ് കെ. ആന്റണി, പഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു, സി.പി.എം ചാലക്കുടി ഏരിയാ സെക്രട്ടറി കെ.എസ്. അശോകൻ, അഡ്വ.കെ.ആർ. സുമേഷ്, കുമാരി ബാലൻ എന്നിവർ പ്രസംഗിച്ചു.
മാർക്കറ്റ് കെട്ടിടത്തിൽത്തന്നെ മുകളിലെ നിലയിലേയ്ക്ക് ഷോപ്പ് മാറ്റുന്നതിന് ബഡ്ജറ്റിൽ ഫണ്ട് മാറ്റിവച്ചിട്ടുണ്ട്. ജനത്തിരക്കേറിയ ഭാഗത്തേയ്ക്കുള്ള മാറ്റി സ്ഥാപിക്കൽ റദ്ദാക്കണം
-പി.സി. ബിജു
(കൊരട്ടി പഞ്ചായത്ത് പ്രസിഡന്റ്)
പഞ്ചായത്തിന് പ്രതിമാസം 40,000 രൂപ വാടക ലഭിച്ചിരുന്ന ഷോപ്പ് ആരോരും അറിയാതെ മാറ്റിയത് സി.പി.എമ്മുകാരനായ സ്വകാര്യ വ്യക്തിക്ക് നേട്ടമുണ്ടാക്കാനാണ്.
-ബിജോയ് പെരേപ്പാടൻ
(പ്രതിപക്ഷ നേതാവ്).