 
അരിമ്പൂർ: കാലവർഷക്കെടുതിയിലും പ്രകൃതിദുരന്തത്തിലുംപെട്ട് രണ്ടുതവണയും കൃഷി നശിച്ച അരിമ്പൂർ കൃഷ്ണൻ കോട്ടപ്പടവിൽ ഇക്കുറി വിളഞ്ഞത് നൂറുമേനി. 158 ഏക്കർ പാടത്താണ് വിളവെടുപ്പ് നടന്നത്. ആദ്യം ഉമ വിത്തിട്ട് വിളവിറക്കിയെങ്കിലും കാലവർഷക്കെടുതിയിൽ നശിച്ചു. രണ്ടാം തവണത്തെ പരീക്ഷണവും പ്രകൃതി കശക്കിയെറിഞ്ഞു.
മൂന്നാം തവണ സമയം ഏറെവൈകിയതിനാൽ ജ്യോതിവിത്താണ് വിതച്ചത്. സൗജന്യമായി വിത്ത് ഉൾപ്പെടെയുള്ള സഹായം നൽകി സർക്കാർ കൂടെ നിന്നതോടെ പ്രകൃതിദുരന്തങ്ങൾക്കിടയിലും നൂറുമേനി കൊയ്ത സന്തോഷത്തിലാണ് കർഷകർ.
കൃഷ്ണൻ കോട്ടയിലെ സ്വാമി കോളിൽ നടന്ന കൊയ്ത്തുത്സവം അരിമ്പൂർ പഞ്ചായത്ത് പ്രസിഡന്റ് സ്മിത അജയകുമാർ ഉദ്ഘാടനം ചെയ്തു. പടവ് പ്രസിഡന്റ് എം.ആർ. ധർമ്മരാജൻ അദ്ധ്യക്ഷനായി. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ. ശശിധരൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിമി ഗോപി, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം സിന്ധു സഹദേവൻ, കൃഷി ഓഫീസർ ലക്ഷ്മി കെ. മോഹൻ, കൃഷി വർക്കിംഗ് ഗ്രൂപ്പ് ചെയർമാൻ കെ. രാഗേഷ്, പി.വി. രാമദേവൻ, ശ്രീജ ജയാനന്ദൻ എന്നിവർ സംസാരിച്ചു.