1
വടക്കാഞ്ചേരി ബോയ്‌സ് ഹൈസ്‌കൂൾ മതിലുകളിൽ നഗരസഭ ഒരുക്കിയ ചിത്രങ്ങൾ.

വടക്കാഞ്ചേരി: ശുചിത്വ ബോധവത്കരണ പരിപാടിയുടെ ഭാഗമായി വടക്കാഞ്ചേരി നഗരസഭ ഗവ: ബോയ്‌സ് ഹൈസ്‌കൂൾ മതിലുകളിൽ മികവാർന്ന ചിത്രങ്ങൾ ഒരുക്കി. റോഡുകളിൽ മാലിന്യങ്ങളും പ്ലാസ്റ്റിക് ഉത്പ്പന്നങ്ങളും അലസമായി വലിച്ചെറിയുകയും പരിസരങ്ങൾ വൃത്തിഹീനമാക്കുകയും ചെയ്യുന്നവർക്കുള്ള മുന്നറിയിപ്പ് കൂടിയായാണ് ചിത്രങ്ങൾ ഒരുക്കിയിട്ടുള്ളത്. മണ്ണിനെ സംരക്ഷിച്ചില്ലെങ്കിൽ ജീവിതം കടലെടുക്കുമെന്നും പ്രകൃതിയോടിണങ്ങി ജീവിക്കുക എന്നീ തരത്തിലുള്ള സന്ദേശങ്ങൾ രേഖപ്പെടുത്തിയാണ് ചിത്രരചന നടത്തിയിരിക്കുന്നത്. മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യുന്നതിനെതിരെയുള്ള ബോധവത്കരണമാണ് ചിത്രങ്ങളിൽ തെളിയുന്നത്. ശുചിത്വ സംരക്ഷണത്തിന്റെ ഭാഗമായി നഗരസഭ റോഡുകളിൽ പൂന്തോട്ടമൊരുക്കി സംരക്ഷിക്കുന്നുണ്ട്. വരുംദിവസങ്ങളിൽ എഴുപതോളം ബോർഡുകൾ നഗരസഭയിൽ സ്ഥാപിക്കുമെന്ന് നഗരസഭാ സെക്രട്ടറി കെ.കെ. മനോജ് അറിയിച്ചു.