കുന്നംകുളം: കേച്ചേരി-മറ്റം റോഡിന്റെ ടാറിംഗ് പ്രവൃത്തിക്ക് തുടക്കമായി. നാല് മാസത്തിലേറെയായി നിർമ്മാണം നിലച്ചതിനെ തുടർന്ന് ദുരിതത്തിലായ പ്രദേശവാസികൾക്ക് ടാറിംഗ് ജോലികൾ ആരംഭിച്ചത് ആശ്വാസമായി. റോഡിന്റെ ടാറിംഗ് പ്രവൃത്തി ബുധനാഴ്ച്ച പുനരാരംഭിക്കുമെന്ന് പൊതുമരാമത്ത് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാൽ റോഡിന്റെ വശങ്ങളിൽ മെറ്റൽ റോളർ ഉപയോഗിച്ച് ഉറപ്പിക്കുന്നതിനും ടാറിംഗിന് മുൻപായി പൊടി ഉൾപ്പെടെയുള്ളവ നീക്കം ചെയ്യുന്നതിനുമായി രണ്ട് ദിവസങ്ങൾ വേണ്ടി വന്നതോടെയാണ് ടാറ്റിംഗ് ജോലി ആരംഭിക്കുന്നത് വെള്ളിയാഴ്ചയിലേയ്ക്ക് നീണ്ടത്. ചൂണ്ടൽ-കണ്ടാണശ്ശേരി പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന റോഡിന്റെ ടാറിംഗ് പ്രവൃത്തി കണ്ടാണശ്ശേരി പഞ്ചായത്തിന്റെ അതിർത്തിയിൽ നിന്നാണ് ആരംഭിച്ചിട്ടുള്ളത്. ടാറിംഗ് പ്രവൃത്തികൾ ആരംഭിച്ച സാഹചര്യത്തിൽ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം ഭാഗികമായി നിരോധിച്ചിരിക്കുകയാണ്.