ചേലക്കര: വാഴക്കോട്-പ്ലാഴി സംസ്ഥാനപാതയുടെ നവീകരണ പ്രവർത്തനങ്ങളിൽ ആരോപണളുമായി കോൺഗ്രസ് ചേലക്കര മണ്ഡലം കമ്മിറ്റി. 144 കോടി രൂപയാണ് വാഴക്കോട്-പ്ലാഴി സംസ്ഥാന പാത നവീകരണത്തിനായി ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ചിരുന്നത്. പിന്നീട് ആ തുകയിലെ 40 കോടി രൂപ കാണാതായതായി കോൺഗ്രസ് ചേലക്കര മണ്ഡലം കമ്മിറ്റി ആരോപിച്ചു. നിലവിലെ ഗതാഗത സൗകര്യങ്ങൾ മാത്രമാണ് നവീകരണ പ്രവർത്തനം വഴി ഉണ്ടാകുകയുള്ളൂ എങ്കിൽ എന്തിനാണ് 104 കോടി രൂപ മുടക്കിയുള്ള റോഡ് നിർമ്മാണം. പദ്ധതിയിലൂടെ തീവെട്ടിക്കൊള്ളയാണ് നടക്കുന്നതെന്നും അതിനു ചുക്കാൻ പിടിക്കുന്നത് ചേലക്കര മണ്ഡലത്തിന്റെ ജനപ്രതിനിധി തന്നെയാണെന്നും അവർ പത്രസമ്മേളത്തിൽ ആരോപിച്ചു. ചേലക്കര-പഴയന്നൂർ ടൗണുകളിലെ ഗതാഗത കുരുക്ക് ഒഴിവാക്കാൻ നടപടികൾ ഇല്ലാത്ത നിർമ്മാണം കൊണ്ട് എന്ത് പ്രയോജനമാണ് പൊതുജനങ്ങൾക്ക് ലഭ്യമാകുക എന്നും ചേലക്കര ബൈപ്പാസ് ഇപ്പോഴും സ്വപ്നമായി നിൽക്കുന്ന സാഹചര്യത്തിൽ പൊതുജനം കാഴ്ചക്കാരല്ല എന്ന് ബോദ്ധ്യപ്പെടുത്താൻ മുന്നിട്ടിറങ്ങണമെന്നും കോൺഗ്രസ് ചേലക്കര മണ്ഡലം പ്രസിഡന്റ് വിനോദ് പന്തലാടി, ഡി.സി.സി അംഗം സി. ഉണ്ണിക്കൃഷ്ണൻ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി കെ.കെ. സത്യൻ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.