ചാലക്കുടി: ഐ.എസ്.എൽ ഫുട്ബാൾ ഫൈനൽ മത്സരത്തെ ആവേശത്തേരിലേറ്റാൻ നഗരസഭ ഒരുങ്ങി. നാട്ടുകാർക്ക് കൺനിറയെ കാണാൻ വലിയ സ്‌ക്രീൻ ഒരുക്കൽ, കളി കാണാനെത്തുന്നുവരെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ജേഴ്‌സിയിട്ട് കൗൺസിലർമാർ സ്വീകരിക്കൽ തുടങ്ങിയ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. കലാഭവൻ മണി മെമ്മോറിയൽ പാർക്കിൽ മിനി എൽ.ഇ.ഡി സ്‌ക്രീൻ ഘടിപ്പിച്ചാണ് കളി കാണിക്കുന്നതെന്ന് ചെയർമാൻ വി.ഒ. പൈലപ്പൻ പറഞ്ഞു. ചൂളത്തറയിൽ സ്ഥാപിക്കുന്ന സ്‌ക്രീനിലെ കളി ആസ്വദിക്കുന്നതിന് കസേരകളുമുണ്ടാകും. ആവേശം തെല്ലും ചേരാതിരിക്കാൻ അതിനൊത്ത ശബ്ദ സംവിധാനവുമുണ്ടാകും. വനിതകളടക്കം എല്ലാ കൗൺസിലർമാരും മഞ്ഞക്കുപ്പായമണിയും. മത്സരം തുടങ്ങുന്നവരെ നാട്ടിലെ കലാകാരന്മാർക്ക് കലാപ്രകടനങ്ങൾ അവതരിപ്പിക്കുന്നതിനും അവസരമുണ്ടാകും.