പാവറട്ടി: ജില്ലയിലെ ഏറ്റവും വലിയ കുടിവെള്ള പദ്ധതിയായ എളവള്ളി ജലനിധി സന്ദർശിക്കാൻ പഠനസംഘം എത്തി. ജൽജീവൻ മിഷൻ ലെവൽ 3 യുടെ അംഗീകൃത കീ റിസോഴ്‌സ് സെന്ററായ അങ്കമാലി അന്ത്യോദയ സംഘടിപ്പിക്കുന്ന പഠന ക്യാമ്പിലെ അംഗങ്ങളാണ് എളവള്ളി ജലനിധി സന്ദർശിച്ചത്. ക്യാമ്പിലെ 60 പേരെ 20 പേരടങ്ങുന്ന മൂന്നു ബാച്ചുകളായി തിരിച്ച് ഒരു ബാച്ചിലെ അംഗങ്ങളാണ് സംഘത്തിലുണ്ടായിരുന്നത്. ഇരിങ്ങാലക്കുട, കൊടകര ബ്ലോക്കുകളിലെ ജനപ്രതിനിധികളും ജീവനക്കാരുമാണ് സംഘത്തിൽ ഉണ്ടായിരുന്നത്. പഞ്ചായത്ത് ഓഫീസ്, ഇടിയൻചിറ കുടിവെള്ള സ്രോതസ്സ്, താമരപ്പിള്ളി ഫിൽട്ടറിംഗ് യൂണിറ്റ് എന്നിവിടങ്ങളിൽ സന്ദർശിച്ച സംഘം വൈവിദ്ധ്യങ്ങളായ പ്രവർത്തനങ്ങൾ വിലയിരുത്തി. പദ്ധതി രൂപീകരണം, നടത്തിപ്പ് എന്നീ രംഗങ്ങളിൽ ഉണ്ടായിരുന്ന പ്രതിസന്ധി ഘട്ടങ്ങളും തരണം ചെയ്ത രീതികളും സംഘം മനസിലാക്കി. എളവള്ളി ജലനിധിയുടെ നിലവിലുള്ള പ്രതിസന്ധികളും അതിനെ മറികടക്കാൻ പഞ്ചായത്ത് നടത്തുന്ന പ്രവർത്തനങ്ങളും പഠനസംഘത്തിന് പഞ്ചായത്ത് പ്രസിഡന്റ് ജിയോഫോക്‌സ് വിശദീകരിച്ചു.
പഠനസംഘത്തോടൊപ്പം പഞ്ചായത്ത് പ്രസിഡന്റ് ജിയോഫോക്‌സ്, വൈസ് പ്രസിഡന്റ് ബിന്ദു പ്രദീപ്, മെമ്പർമാരായ കെ.ഡി. വിഷ്ണു, എൻ.ബി. ജയ, ടി.സി. മോഹനൻ, ശ്രീബിത ഷാജി, സനിൽ കുന്നത്തുള്ളി, സീമ ഷാജു, പി.എം. അബു, ലിസി വർഗീസ്, പഠനയാത്ര കോ-ഓർഡിനേറ്റർ അനൂപ് കുര്യൻ, ടീം ലീഡർ പി.കെ. റോസ് മോൾ, ജലനിധി ഭാരവാഹികളായ പി.കെ. സുലൈമാൻ, പി.എം. ജോസഫ്, സി.എൽ. ജോസ്, പി.ഐ. ബാബു, മണി സുരേഷ് എന്നിവരും ഉണ്ടായിരുന്നു.