radha-krishnan
ഐസൊലേഷൻ വാർഡ് ജില്ലാതല നിർമ്മാണോദ്ഘാടനം മന്ത്രി കെ. രാധാകൃഷ്ണൻ നിർവഹിക്കുന്നു.

ചേലക്കര: ജില്ലയിൽ ഐസൊലേഷൻ വാർഡ് നിർമ്മാണത്തിന് തുടക്കമായി. ചേലക്കര നിയോജക മണ്ഡലത്തിലെ പഴയന്നൂർ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലാണ് ജില്ലയിലെ ആദ്യ ഐസോലേഷൻ വാർഡ് നിർമ്മാണത്തിന് തുടക്കമായത്. ഐസൊലേഷൻ വാർഡ് ജില്ലാതല നിർമ്മാണോദ്ഘാടനം പഴയന്നൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ മന്ത്രി കെ. രാധാകൃഷ്ണൻ നിർവഹിച്ചു. 10 കിടക്കകളുള്ള ഒരു ഐസൊലേഷൻ വാർഡ് 140 നിയോജകമണ്ഡലത്തിലും എന്ന പദ്ധതി നടപ്പാക്കുന്നതോടെ ഭാവിയിൽ അടിയന്തരഘട്ടങ്ങളിൽ സംക്രമിക രോഗങ്ങൾ ബാധിക്കുന്നവരെ മാറ്റിപാർപ്പിക്കാനും വിദഗ്ദ ചികിത്സ ലഭ്യമാക്കാനും സാധിക്കും.
പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അഷറഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ നോഡൽ ഓഫീസർ നിബിൻ കൃഷ്ണ റിപ്പോർട്ട് സമർപ്പിച്ചു. പഴയന്നൂർ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. മുരളീധരൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. പ്രശാന്തി, ഡി.എം.ഒ ഡോ. എൻ.കെ. കുട്ടപ്പൻ, ഡി.പി.എം ഡോ. രാഹുൽ, പഴയന്നൂർ സി.എച്ച്.സി മെഡിക്കൽ സൂപ്രണ്ട് ഡോ. എ.ജി. പ്രേംകുമാർ, വിവിധ ജനപ്രതിനിധികൾ പങ്കെടുത്തു.

പദ്ധതി ജില്ലയിലെ 13 നിയോജക മണ്ഡലങ്ങളിലും

പദ്ധതി പ്രകാരം ജില്ലയിലെ 13 നിയോജക മണ്ഡലത്തിലും ഓരോ ഐസൊലേഷൻ വാർഡാണ് വിഭാവനം ചെയ്തിട്ടുള്ളത്. എം.എൽ.എ ഫണ്ടും കിഫ്ബി ഫണ്ടും തുല്യമായി വകയിരുത്തി 1.79 കോടി രൂപ ചെലവിലാണ് കെട്ടിടങ്ങൾ നിർമ്മിക്കുന്നത്. സാംക്രമിക രോഗങ്ങളുടെ വ്യാപനം പ്രാഥമികഘട്ടത്തിൽ തന്നെ തടയുന്നതിന് ആരോഗ്യ സ്ഥാപനങ്ങളെ സജ്ജമാക്കുക എന്നതാണ് ലക്ഷ്യം.