news-photo

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ചെയർമാനായി തൃശൂർ ശ്രീകേരളവർമ്മ കോളേജ് റിട്ട. അസോസിയേറ്റ് പ്രൊഫസർ ഡോ. വി.കെ. വിജയനെ തിരഞ്ഞെടുത്തു. ഭരണസമിതിയിലെ പുതിയ അംഗങ്ങളായി നാമനിർദ്ദേശം ചെയ്ത ഡോ. വി.കെ. വിജയൻ, ചെങ്ങറ സുരേന്ദ്രൻ എന്നിവരുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷം ചേർന്ന ഭരണസമിതി യോഗമാണ് ഡോ. വിജയനെ ചെയർമാനായി തിരഞ്ഞെടുത്തത്.

ദേവസ്വം ഭരണസമിതി അംഗം അഡ്വ. കെ.വി. മോഹനകൃഷ്ണൻ ഡോ. വി.കെ. വിജയന്റെ പേര് ചെയർമാൻ സ്ഥാനത്തേക്ക് നിർദ്ദേശിച്ചു. ചെങ്ങറ സുരേന്ദ്രൻ പിന്താങ്ങി. തുടർന്ന് ദേവസ്വം കമ്മിഷണർ ബിജു പ്രഭാകർ ഗുരുവായൂർ ദേവസ്വം ചെയർമാനായി ഡോ. വിജയനെ തിരഞ്ഞെടുത്ത വിവരം പ്രഖ്യാപിച്ചു.

സംസ്‌കൃത സാഹിത്യത്തിൽ ഡോക്ടറേറ്റുള്ള ഡോ. വി.കെ. വിജയൻ തൃശൂർ ശ്രീ കേരളവർമ്മ കോളേജിൽ നിന്ന് 2014ലാണ് വിരമിച്ചത്. കോഴിക്കോട്, കാലടി സർവകലാശാലകളിലെ അക്കാഡമിക് കൗൺസിൽ അംഗമായിരുന്നു. രണ്ട് തവണ കോഴിക്കോട് സർവകലാശാല സെനറ്റ് അംഗമായി. എ.കെ.പി.സി.ടി.എ തൃശൂർ ജില്ലാ സെക്രട്ടറിയായിരുന്നു. പഴഞ്ഞി എം.ഡി കോളേജ് സംസ്‌കൃത വിഭാഗത്തിൽ നിന്ന് വിരമിച്ച പ്രൊഫ. കെ.എൻ. രംഗനായകിയാണ് ഭാര്യ. ചെങ്ങറ സുരേന്ദ്രൻ കൊല്ലം കൊട്ടാരക്കര സ്വദേശിയാണ്. രണ്ട് തവണ അടൂരിൽ നിന്ന് പാർലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം ഉപദേശക സമിതി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. ബിജി സുരേന്ദ്രനാണ് ഭാര്യ.