കുറ്റിച്ചിറ: വന്യജീവി ശല്യത്താൽ പൊറുതിമുട്ടി ചായ്പ്പൻകുഴിയിലെ മലയോര കർഷകർ. പന്നിയും മാനും മലയണ്ണാനുമായി ജനവാസ കേന്ദ്രത്തിലുണ്ടാക്കുന്ന കൃഷിനാശം ചെറുതൊന്നുമല്ല. ഇളംപ്രായത്തിൽ റബ്ബറിന്റെ തൊലി കടിച്ചു തിന്നാണ് മാനുകളുടെ ആക്രമണം. ഒന്നുരണ്ടു വർഷത്തെ വളർച്ചയെത്തുംവരെ റബ്ബർ മരങ്ങളെ ചുറ്റിപ്പറ്റി മാനുകളുണ്ടാകും. പാൽപാട മുറിഞ്ഞാൽ റബ്ബർ മരങ്ങൾ പിന്നെ നോക്കുകുത്തികളാണ്. വാഴകളും ഇന്ന് ഇവയുടെ ഇഷ്ടഭോജനമായി മാറി. മുൻകാലുകളിൽ കയറി നിന്ന് കായക്കുലകൾ അകത്താക്കുന്ന ഇവ മറ്റൊന്നിനേയും വകവയ്ക്കില്ലെന്ന് കർഷകർ പറയുന്നു. വാഴയുടെ കൂമ്പുകളും മാനുകൾ ആർത്തിയോടെ തിന്നുതീർക്കും. തീറ്റതേടി മലയിറങ്ങുന്ന മാനുകളുടെ പരക്കംപാച്ചിലിൽ മറ്റു കാർഷിക വിളകളും ചവിട്ടിമെതിക്കപ്പെടുന്നു.
നടീൽ വിളകളെ ഉന്നമിട്ടാണ് പന്നികളുടെ വരവ്. കപ്പ, കൂർക്ക, ചേമ്പ് തുടങ്ങിയവയെന്തും ഇവയ്ക്ക് പഥ്യമാർന്ന ഭക്ഷണം. എങ്കിലും കപ്പയോടാണ് കൂടുതൽ പ്രിയം. ഇക്കാരണത്താൽ മലയോരങ്ങളിൽ കപ്പകൃഷി തുലോം തുച്ഛമാകുന്നു. പച്ചച്ചേന ചൊറിയുമെന്ന പ്രകൃതി നിയമം പന്നികൾക്ക് ബാധകല്ല. ഇതോടെ ചേനക്കൃഷിയും ചായപ്പൻകുഴിക്കാർക്ക് അന്യമായിക്കൊണ്ടിരിക്കുന്നു.
ഇതെല്ലാം തറയിലെ വെല്ലുവിളികളാണെങ്കിൽ ഉയരങ്ങളിലെ പ്രശ്‌നക്കാർ മലയണ്ണാനുകളാണ്. ഒരു തേങ്ങപോലും പാകമാകാൻ മലയണ്ണാൻപ്പട അനുവദിക്കില്ല. ഏതു പ്രായത്തിലുമുള്ള തേങ്ങകളും ഇവയ്ക്ക് ബോധിക്കും. തെങ്ങിൻ തടത്തിൽ അങ്ങിങ്ങു കാണുന്ന തുളവീണ തേങ്ങയുടെ അവശിഷ്ടങ്ങളിൽ കർഷകരുടെ ദൈന്യത പ്രകടമാകുന്നു. ഇവയുടെ കണ്ണിൽപ്പെടാതെ വീഴുന്ന തേങ്ങകളുടെ അവകാശം പന്നികൾക്കും. ചകിരിയെല്ലാം തേറ്റയിൽ പൊളിച്ചിട്ട് ഭക്ഷിക്കൽ ഞൊടിയിടയിൽ നടക്കുമെന്ന് കർഷകർ പറയുന്നു. പൊതുപ്രവർത്തകൻ കെ.എം. ജോസ്, കോക്കാപ്പിള്ളി മാത്യു, തെവരക്കാട്ട് ജെയിംസ്, പുതിയേടത്ത് ജോളി, പടിഞ്ഞാക്കര ജോർജ്, എലവുങ്കൽ ജോസ്, എടേപ്പുറം വിജയൻ, പിറവത്തുകുടി ബാബു അങ്ങനെ നീളുന്നു വന്യ ജീവികളാൽ ദുരിതമനുഭവിക്കുന്ന കർഷകരുടെ പട്ടിക. വനപാലകർക്കും തദ്ദേശ സ്ഥാപനങ്ങൾക്കും നിരവധി നിവേദനങ്ങൾ നൽകി. ചില സമര പരിപാടികളുമുണ്ടായി. പക്ഷെ ഇതുകൊണ്ടൊന്നും പരിഹാരമുണ്ടായില്ല. കാട്ടിലെ ജീവികൾക്ക് അവിടത്തന്നെ ഭക്ഷണം ലഭിക്കുന്നതിന് സംവിധാനമുണ്ടായെങ്കിൽ മാത്രമെ പ്രശ്‌നത്തിന് ഒരുപരിധി വരെയെങ്കിലും പരിഹാരം ഉണ്ടാവുകയുള്ളുവെന്ന് തിരിച്ചറിവുണ്ട്് ഇന്ന് കർഷകർക്ക്. എന്നാൽ ഇതെല്ലാം തിരിച്ചറിയുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരാകട്ടെ ഒന്നിനും ശ്രമിക്കുന്നുമില്ല.

കഴിഞ്ഞ മൂന്നു വർഷമായാണ് വന്യജീവി ശല്യം വ്യാപകമായത്. പെറ്റു പെരുകുന്ന പന്നികളെ നിയന്ത്രിക്കുന്നതിന് നടപടി വേണം.
-കെ.എം. ജോസ്
(കർഷകൻ)