ചേലക്കര: വാഴക്കോട്- പ്ലാഴി സംസ്ഥാനപാത നവീകരണ പ്രവൃത്തികൾ നടക്കുമ്പോൾ ഏറെ ആശങ്കയിലാണ് ജനങ്ങൾ. നിലവിലുള്ള റോഡിലെ ഉറപ്പുള്ള മെറ്റലിംഗും ടാറിംഗുമെല്ലാം വരെ പൂർണമായി മാന്തി എടുത്ത് പുനർനിർമ്മാണ പ്രവൃത്തികൾ നടത്തിവരികയാണ്. ഏഴു മീറ്റർ വീതി ആക്കുമെങ്കിലും പല ടൗണുകളിലും അതും നടപ്പാക്കുന്നില്ല. റോഡിലെ മരങ്ങൾ മുറിച്ചു മാറ്റാതെ മരത്തിനു ചുറ്റും മെറ്റലുറപ്പിട്ടുള്ള സ്ഥലവുമുണ്ട്.
റോഡിന്റെ വളവ് നിവർത്താതെ പഴയ റോഡിലൂടെത്തന്നെയുള്ള നിർമ്മാണംകൊണ്ട് എന്തു കാര്യമെന്ന് നാട്ടുകാർ ചോദിക്കുന്നു. ജലവിഭവ വകുപ്പിന്റെ ജലവിതരണ പൈപ്പുകൾ പണ്ട് കുഴിച്ചിട്ടിട്ടുള്ളത് ഇപ്പോൾ റോഡിന്റെ മദ്ധ്യഭാഗത്തുകൂടി വരെയാണ് കിടക്കുന്നത്. കാലപ്പഴക്കത്താലും ഗുണമേന്മക്കുറവിനാലും ഇടക്കിടക്ക് പൊട്ടാനുള്ള സാദ്ധ്യത ഉണ്ടെന്നിരിക്കേ അവ വേണ്ട രീതിയിൽ പരിശോധിക്കാതെയാണ് മുകളിലൂടെയുള്ള റോഡ് നിർമ്മാണം. പൈപ്പ് നന്നാക്കാനായി ഭാവിയിൽ റോഡ് കുത്തിപ്പൊളിക്കേണ്ടിവരുമെന്ന വസ്തുത പരിഗണിക്കുന്നേ ഇല്ല. വമ്പിച്ച ഗതാഗതക്കുരുക്ക് ഉണ്ടാക്കി കലുങ്കുകളുടെ നിർമ്മാണം നടക്കുമ്പോൾ വേണ്ടയിടങ്ങളിൽ തന്നെയാണോ ഇവ എന്ന സംശയവും നാട്ടുകാർക്കുണ്ട്. രാത്രികാലങ്ങളിൽ റോഡ് പല ഇടങ്ങളിൽ ബ്ലോക്ക് ചെയ്ത് വാഹനങ്ങൾ വഴി തിരിച്ച് വിട്ടുകൊണ്ടാണ് നിർമ്മാണത്തുടക്കം തന്നെ. ആംബുലൻസ് അടക്കമുള്ള വാഹനങ്ങൾ ഇതുമൂലം വലയുന്നുണ്ട്.
ഇ.കെ.കെ ഇൻഫ്രാസ്ട്രച്ചർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് നൂറ്റിനാല് കോടി രൂപയ്ക്ക് വാഴക്കോട് പ്ലാഴി റോഡ് നിർമ്മാണം ഏറ്റെടുത്ത് നടത്തുന്നത്. തലശ്ശേരി മാഹി പാല നിർമ്മാണത്തിലെ അപാകതയുമായി ബന്ധപ്പെട്ട് ഈ സ്ഥാപനത്തിനെതിരെ നടപടി ഉണ്ടാകുന്നതായ വാർത്ത ജനങ്ങളിൽ ആശങ്കയ്ക്ക് വഴിവച്ചിരിക്കുകയാണ്. തലശ്ശേരി-മാഹി പാലത്തിന്റെ നിർമ്മാണക്കരാറിലെ കമ്പനികളിൽ രണ്ടിൽ ഒന്നാണ് വാഴക്കോട്- പ്ലാഴി റോഡ് നിർമ്മാണം ഏറ്റെടുത്ത് പണി നടത്തി വരുന്ന ഇ.കെ.കെ ഇൻഫ്രാസ്‌ട്രെച്ചർ കമ്പനി. തലശ്ശേരി-മാഹി പാലവുമായി ബന്ധപ്പെട്ട ബൈപ്പാസ് റോഡിൽ നിർമ്മിച്ച പാലത്തിലെ നാല് സ്ലാബുകൾ തകർന്നു വീണതിനെ തുടർന്നാണ് ദേശീയ ഉപരിതല ഗതാഗത വകുപ്പ് ഈ കമ്പനിക്കെതിരെ നടപടി സ്വീകരിച്ചിട്ടുള്ളത്.
മെയ് മാസം മുതൽ റോഡ് അടച്ചിടേണ്ടി വരും
പഴയന്നൂർ ടൗൺ റോഡും തോന്നൂർക്കര മുതൽ മേപ്പാടം വരെ റോഡും കോൺക്രീറ്റാണ് ചെയ്യുന്നത്. അതിന്റെ ഭാഗമായി ഈ റോഡ് മെയ് മാസം മുതൽ മാസങ്ങളോളം അടച്ചിടേണ്ടി വരുമെന്നാണ് പറയുന്നത്. ഏതിലെ വഴി തിരിച്ച് വിട്ടാലും റോഡ് തുറക്കുവോളം ഗതാഗത സ്തംഭനത്തിന് ഇടവരുത്തുമെന്നതിൽ സംശയമില്ല. അടച്ചിടൽ ചേലക്കരയിലെ വ്യാപാര മേഖലയെ തകർക്കും എന്ന ആശങ്കയിലാണ് വ്യാപാരികളും.