 
തളിക്കുളം അനിമൽ കെയർ സൊസൈറ്റി അംഗങ്ങൾ പേ പിടിച്ച നായക്കായി തെരച്ചിൽ നടത്തുന്നു.
ആക്രമകാരിയായ പേ നായയെ കണ്ടെത്താനായില്ല
കൊടുങ്ങല്ലൂർ: നാട്ടുകാരിൽ ഭീതിയുർത്തി ആക്രമണം നടത്തിയ പേപ്പട്ടിയെ കണ്ടെത്താനുള്ള ശ്രമത്തിന് ഫലമുണ്ടായില്ല. ശനിയാഴ്ച രാവിലെ അഴീക്കോട് നിന്നുമാണ് പേപ്പട്ടിയുടെ തേരോട്ടം ആരംഭിച്ചത്. ഇതുവരെ പേപ്പട്ടിയുടെ കടിയേറ്റ് 40 പേർ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലെത്തി.
ഇവരെയെല്ലാം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എല്ലാവരെയും ഒരു നായ തന്നെയാണ് ആക്രമിച്ചതെന്നാണ് കരുതുന്നത്.
ആർക്കും പിടികൊടുക്കാതെ നിർബാധം സഞ്ചരിക്കുകയാണ് പേപ്പട്ടി. പേയുള്ള നായ.്ക്ക് വേണ്ടിയുള്ള തെരച്ചിൽ അധികൃതർ ഊർജിതമാക്കി. കൊടുങ്ങല്ലൂർ നഗരസഭ ഇതിനായി തളിക്കുളത്ത് നിന്നും അനിമൽ കെയർ സൊസൈറ്റി പ്രവർത്തകർ ഉൾപ്പെട്ട പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
എറിയാട് പഞ്ചായത്ത് രണ്ട് സംഘങ്ങളെയാണ് ഒരുക്കിയിട്ടുള്ളത്. പറവൂർ, ആലുവ എന്നിവടങ്ങിൽ നിന്നുള്ള വെറ്ററിനറി സർജന്റെ നേതൃത്വത്തിലുള്ള സംഘങ്ങളെയാണ് ഒരുക്കിയത്. നായയെ കണ്ടാൽ ഉടൻ വിവരം അറിയിക്കണമെന്ന് പഞ്ചായത്ത് മെമ്പർമാർക്ക് അധികൃതർ നിർദ്ദേശം നൽകി.
പേപ്പട്ടി കണ്ടവരെയെല്ലാം കടിക്കുന്നുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും അറിയിച്ചുള്ള മുന്നറിയിപ്പ് ശബ്ദരേഖ സ്‌കൂൾ അധികൃതർ അതത് വിദ്യാലയങ്ങളിലെ കുട്ടികൾക്ക് കൈമാറി. ഇന്നലെ രാവിലെ എറിയാട് ഭാഗത്ത് ആക്രമണത്തിന് ഇരയായ മൂന്നുപേരെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. എടവിലങ്ങ്, ശ്രീനാരായണപുരം എന്നിവടങ്ങളിലും നായയുടെ ആക്രമണമുണ്ടായി. ഈ പ്രദേശത്തും അനിമൽ കെയർ സൊസൈറ്റി സംഘം മണിക്കൂറോളം പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. പടിഞ്ഞാറ് വെമ്പല്ലൂരിൽ നിന്നും ഒരു നായയെ പിടികൂടിയെങ്കിലും പേപ്പട്ടിയല്ലെന്ന് വ്യക്തമായതോടെ വിട്ടയച്ചു. നായയുടെ ആക്രമണത്തിൽ മറ്റു മൃഗങ്ങളും ഇരായിട്ടുള്ളതിനാൽ നാട്ടുകാരെല്ലാം ആശങ്കയിലാണ്.
വീടുകളിൽ വളർത്തുന്ന പൂച്ച, പശു, ആട് തുടങ്ങിയ മൃഗങ്ങൾക്ക് നായയിൽ നിന്നും കടിയേറ്റാൽ ഭാവിയിൽ ഇവർക്കും പേ ഇളകാൻ സാദ്ധ്യത ഏറെയാണ്. നായയുടെ ആക്രമണത്തിൽ പരിക്കേറ്റവർ ഉടനെ ചികിത്സ തേടണം.
ഡോ. ഉണ്ണിക്കൃഷ്ണൻ
താലൂക്ക് ആശുപത്രി സൂപ്രണ്ട്