 
ബസാർ റോഡിൽ വിരിച്ച ഇഷ്ടികകൾ പൊളിച്ചെടുത്ത നിലയിൽ.
പുതുക്കാട്: മുൻമന്ത്രി സി.രവീന്ദ്രനാഥ് പത്യേക താത്പര്യമെടുത്ത് അനുവദിച്ച മൂന്ന് കോടി രൂപ വിനിയോഗിച്ച് നടത്തുന്ന ബാസാർ റോഡ് നവീകരണം മൂന്ന് വർഷം പിന്നിട്ടിട്ടും പൂർത്തിയായില്ല. റോഡിൽ വിരിച്ച ഇന്റർലോക്ക് ഇഷ്ടികകൾ പിഴുതെടുത്ത് വീണ്ടും വിരിക്കുന്ന പ്രവൃത്തികളാണ് ഇപ്പോൾ നടക്കുന്നത്. വിരിച്ച ഇഷ്ടികകൾ ഒന്നാകെ ഇളകിയിരുന്നു. ഇരുവശത്തും കോൺക്രീറ്റ് പാത നിർമ്മിച്ച് മുകളിൽ സ്ലാബും സ്ലാബിന് മുകളിൽ വർണ്ണ ഇഷ്ടിക പാകി നടപ്പാതയും നിർമ്മിക്കുന്നതാണ് പ്രവൃത്തി. പഴയ ദേശീയ പാതയുടെ ഭാഗമായിരുന്ന ബസാർ റോഡിന്റെ ഇരുവശത്തും വ്യാപകമായ കൈയ്യേറ്റമായിരുന്നു. കാന നിർമ്മാണം ആരംഭിച്ചപ്പോൾ മുതൽ കൈയ്യേറ്റക്കാർ ഭൂമി വിട്ടു നൽകാൻ തടസം സൃഷ്ടിച്ചു ഏതാനും വ്യാപാരികൾ കോടതിയെ സമീപിച്ചു. നേർരേഖ പോലുള്ള റോഡ് നിർമാണം ആരംഭിച്ചപ്പോൾ വളവും തിരിവുമായി. നിർമ്മാണ പ്രവർത്തികൾ ഒച്ചിഴയുന്നതുപോലെയാതോടെ വ്യാപാരികൾ പലതവണ പൊതുമരാമത്ത് വകുപ്പ് ഓഫിസിനു മുന്നിൽ സമരം നടത്തി. തീർത്തീട്ടും തീരാത്ത നവീകരണത്തിന്റെ ഒടുവിൽ ഇന്റർലോക്ക് ഇഷ്ടികകൾ വീണ്ടും വിരിക്കാനായി പൊളിച്ചെടുത്തു. മൂന്ന് കോടി രൂപയിൽ ആരംഭിച്ച പ്രവൃത്തികൾ സമയത്ത് പൂർത്തികരിക്കാത്തതിനാൽ അസംസ്‌കൃത വസ്തുക്കളുടെ വില വർദ്ധിച്ചെന്ന പേരിൽ 35 ലക്ഷം രൂപ കൂടി അധികം അനുവദിച്ചു. നിർമ്മാണത്തിലെ അപാകത നാട്ടുകാർ പലവട്ടം ചൂണ്ടിക്കാട്ടിയിട്ടും പൊതുമരാമത്ത് വകുപ്പ് അധികൃതർ നാട്ടുകാരുടെ വാക്കിന് വില കൽപ്പിക്കാത്ത സ്ഥിതിയാണ്.