കൊടുങ്ങല്ലൂർ: ആൽഫ പാലിയേറ്റീവ് കെയർ കൊടുങ്ങല്ലൂർ ലിങ്ക് സെന്ററിന്റെ ആഭിമുഖ്യത്തിൽ 'സാന്ത്വന പരിചരണം വളണ്ടിയർ സേവനം എന്നീ വിഷയങ്ങളിൽ ബോധവത്കരണ ക്ലാസ് നടത്തി. പുല്ലൂറ്റ് വില്ലേജിലെ ആൽഫയുടെ ചാപ്റ്റർ രൂപീകരണത്തിനായി സംഘടിപ്പിച്ച യോഗത്തിൽ ലിങ്ക് സെന്റർ പ്രസിഡന്റ് കെ.എ. കദീജാബി അദ്ധ്യക്ഷയായി.

നഗരസഭ കൗൺസിലർ പി.എൻ. വിനയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ആൽഫ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ജോസ് ബാബു, കമ്മ്യൂണിറ്റി ഡയറക്ടർ സുരേഷ് ശ്രീധരൻ എന്നിവർ ക്ലാസ് നയിച്ചു. സാന്ത്വന പരിചരണത്തിൽ പ്രത്യേക പരിശീലനം ലഭിച്ച ഡോക്ടർ, നഴ്‌സുമാർ, വളണ്ടിയർമാർ എന്നിവരടങ്ങിയ ഹോം കെയർ ടീം രോഗികളുടെ വീടുകളിലെത്തി സൗജന്യമായി പരിചരണവും മരുന്നും നൽകും. കൂടാതെ അപകടം, ജന്മനായുള്ള വൈകല്യങ്ങൾ എന്നിവ മൂലം ജീവിതം പരിമിതപ്പെട്ടവർക്ക് ഫിസിയോതെറാപ്പിയും നൽകും. എം.എ. ഇബ്രാഹിം (പ്രസിഡന്റ്) നസീമ നവാസ് (കൺവീനർ) എന്നിവരടങ്ങിയ വില്ലേജ് ചാപ്റ്റർ കമ്മിറ്റിയെ തിരഞ്ഞെടുത്തു. സെക്രട്ടറി ഇ.വി. രമേശൻ, സി.എസ്. തിലകൻ, മിനി സത്യൻ, രാജൻ, സത്യൻ തോട്ടാരത്ത് എന്നിവർ സംസാരിച്ചു.