
തൃശൂർ : മഞ്ഞ ജഴ്‌സിയണിഞ്ഞ്, ബ്ലാസ്റ്റേഴ്‌സിന്റെ കൊടിപിടിച്ച് ബിഗ് സ്‌ക്രീനുകൾക്ക് മുന്നിലും ടെലിവിഷനുകൾക്ക് മുന്നിലുമെത്തിയവരുടെ ആവേശം ഒടുവിൽ കണ്ണീർക്കടലായി. ആദ്യഗോൾ തൃശൂർക്കാരൻ രാഹുലിലൂടെ നേടിയെങ്കിലും അധിക സമയം കഴിയും മുമ്പ് ഹൈദരാബാദ് എഫ്.സി സമനില നേടിയതോടെ നിരാശയായി.
ഒടുവിൽ അധികസമയം കഴിഞ്ഞ് പെനാൽറ്റി ഷൂട്ടൗട്ടിൽ ഹൈദരാബാദ് ബ്ലാസ്റ്റേഴ്‌സിനെ തകർത്തപ്പോൾ പിന്നെ അത് കൂട്ടക്കരച്ചിലായി. ഏതാനും ദിവസങ്ങളിൽ തൃശൂരിലെ ഫുട്ബാൾ പ്രേമികൾ കൊണ്ടുനടന്ന ആവേശം കളി തുടങ്ങുമ്പോഴേക്കും ആവേശക്കടലായി മാറി. വിവിധ ഭാഗങ്ങളിൽ വലിയ സ്‌ക്രീനുകൾക്ക് മുന്നിലും ടെലിവിഷനുകൾക്ക് മുന്നിലും ഇന്നലെ സന്ധ്യക്ക് തന്നെ ആൾക്കൂട്ടം നിറഞ്ഞു. ഇന്നലെ കളിക്കാൻ മഞ്ഞ ജഴ്‌സി ലഭിച്ചില്ലെങ്കിലും ആരാധകർ മുഴുവൻ ബ്ലാസ്‌റ്റേഴ്‌സിന്റെ സ്വന്തം കളറായ മഞ്ഞ ജഴ്‌സിയുമായാണ് കളി കാണാനിരുന്നത്.
ഓരോ അവസരങ്ങൾ ലഭിക്കുമ്പോഴും ആർത്തിരമ്പിയ ആരാധകർ, രണ്ടാം പകുതിയിൽ അറുപത്തെട്ടാം മിനിറ്റിൽ തൃശൂർക്കാരനായ കെ.പി.രാഹുലിന്റെ തകർപ്പൻ ഗോൾ പിറന്നതോടെ നാടെങ്ങും ആരവമായി. പടക്കം പൊട്ടിച്ചും മധുരം നൽകിയുമാണ് രാഹുലിന്റെ ഗോൾ ആഘോഷിച്ചത്. എന്നാൽ ആ ആഘോഷം അധിക നേരം തുടരാനായില്ലെങ്കിലും പ്രതീക്ഷ കൈവിടാതെ ആരാധകർ ബ്ലാസ്റ്റേഴ്‌സിനായി ആരവം മുഴക്കി. പക്ഷേ പെനാൽറ്റി ഷൂട്ടൗട്ടിൽ നാലിൽ മൂന്ന് ഷോട്ടും തുലച്ചതോടെ ആരാധകർ നെഞ്ചലച്ചു കരഞ്ഞു. തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിലും മറ്റും വലിയ സ്‌ക്രീനുകൾ സ്ഥാപിച്ചായിരുന്നു കളി.
തോൽവിയിലും അഭിമാനമായി ഏകഗോൾ
ഫുട്ബാൾ പ്രേമികളുടെ മനസ് നിറച്ച് തൃശൂരിന്റെ കൈയൊപ്പുള്ള ഗോൾ. 68 ാം മിനിറ്റിൽ തൃശൂർ സ്വദേശി കെ.പി.രാഹുൽ തൊടുത്ത വലംകാലനടി ഹൈദരാബാദ് എഫ്.സിയുടെ വലയിലേക്ക് ഗോളിയുടെ കൈയിൽ തട്ടി തുളച്ച് കയറുമ്പോൾ ആവേശം കൊടുമുടി കയറി. ആവേശം നേഞ്ചേറ്റിയ മലയാളക്കരയുടെ എല്ലാ പ്രതീക്ഷകൾക്കും സ്വപ്നങ്ങൾക്കും ചിറക് വയ്പ്പിക്കുകയായിരുന്നു രാഹുൽ തന്റെ ഗോളിലൂടെ.
എന്നാൽ കളി തീരാൻ രണ്ട് മിനിറ്റ് മാത്രം അവശേഷിക്കേ ഹൈദരാബാദ് ഗോൾ മടക്കിയതോടെ നിരാശ പടർന്നു. ഫൈനലിന്റെ തലേദിവസം വീട്ടിലേക്ക് വിളിച്ച രാഹുൽ ഞങ്ങൾ നേടും എന്ന് പറഞ്ഞാണ് വിളി അവസാനിപ്പിച്ചത്. രണ്ട് തവണ ഫൈനലിലെത്തിയിട്ടും ബ്ളാസ്റ്റേഴ്സിന് കപ്പ് നേടാനായില്ല. ഇപ്രാവശ്യവും പതിവ് തെറ്റിയില്ല. നേരത്തെ കേരളം ഫൈനലിൽ കളിച്ചപ്പോഴും മലയാളിയായ മുഹമ്മദ് റാഫിയായിരുന്നു ഗോൾ നേടിയത്.