മണത്തല: ബ്ലാങ്ങാട് ഗവ. ഫിഷറീസ് യു.പി. സ്‌കൂൾ പ്രീപ്രൈമറി അംഗൻവാടി കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ഒരുക്കിയ ദ്വിദിന സർഗവേദി പൂനിലാമഴ ബാലോത്സവം ചാവക്കാട് നഗരസഭാ അദ്ധ്യക്ഷ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ആകാശത്തേരിലേറാം എന്ന ആദ്യദിനത്തിൽ രക്ഷിതാക്കൾക്ക് ബോധവത്ക്കരണ ക്ലാസ്സും മത്സര പരിപാടികളുമായിരുന്നു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രസന്ന രണദിവെ മുഖ്യപ്രഭാഷണം നടത്തി. വാർഡ് കൗൺസിലർ കെ.പി. രഞ്ജിത് അദ്ധ്യക്ഷത വഹിച്ചു. വടക്കുംകര ജി.യു.പി.സ്‌കൂൾ പ്രധാന അദ്ധ്യാപകൻ ടി.എസ്. സജീവൻ രക്ഷിതാക്കൾക്കുള്ള ക്ലാസ് നയിച്ചു. പി.ടി.എ പ്രസിഡന്റ് പി.വി. സുരേഷ്‌കുമാർ സ്വാഗതവും പ്രധാന അദ്ധ്യാപിക സി.ഡി. വിജി പദ്ധതി വിശദീകരണവും നടത്തി. കുരുന്നുകളുടെ കലാവിരുന്നിൽ സിനിമാ സീരിയൽ ബാലതാരവും മഴവിൽ മനോരമയിലെ ഡി 4 ഡാൻസർ മാസ്റ്റർ ചൈതിക്കും ബേബി മീനാക്ഷിയും പങ്കെടുത്തു. ഓൺലൈനായി സംഘടിപ്പിച്ച മത്സര പരിപാടിയുടെ ഫലപ്രഖ്യാപനം നഗരസഭാ അദ്ധ്യക്ഷ ഷീജ പ്രശാന്ത് നിർവഹിച്ചു. ഏഴ് അംഗൻവാടികൾ പങ്കെടുത്ത ഈ പരിപാടിയിൽ കെ.ആർ ഷീല ടീച്ചർ അവലോകനവും മിനി ബൈജു നന്ദിയും പറഞ്ഞു.