 
തൃപ്രയാർ: കുടിവെള്ളത്തിനായി ബുദ്ധിമുട്ടുന്നവരുടെ വീട്ടുപടിയ്ക്കൽ എന്നും സി.പി. ട്രസ്റ്റിന്റെ കുടിവെള്ള വണ്ടിയെത്തും. ആവശ്യമുള്ളയത്രേം വെള്ളമെടുക്കാം. തീർത്തും സൗജന്യം. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ഈ പ്രവൃത്തി തെറ്റാതെ നടക്കുന്നുണ്ട്. വലപ്പാട് സ്വദേശിയും, ദുബായ് ആസാ ഗ്രൂപ്പ് സി.എം.ഡിയും, വലപ്പാട് സി.പി. മുഹമ്മദ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനുമായ സി.പി. മുഹമ്മദ് സാലിഹാണ് ഈ യജ്ഞത്തിന് ചുക്കാൻ പിടിക്കുന്നത്.
വർഷങ്ങൾക്ക് മുമ്പ് നാട്ടിലൂടെ യാത്ര ചെയ്യുമ്പോൾ വൃദ്ധയായ ഒരു സ്ത്രീ തലയിലൊരു കുടം വെള്ളവുമായി വരുന്നത് ശ്രദ്ധയിൽപ്പെട്ട സാലിഹ് കാര്യം അന്വേഷിച്ചു. കുടിക്കാനായി ആവശ്യത്തിന് വെള്ളമില്ലെന്നും, ദൂരെയുള്ള കിണറ്റിൽ നിന്നുമാണ് വെള്ളം കൊണ്ടുവരുന്നതെന്നുമായിരുന്നു മറുപടി. ഇതോടെയാണ് താൻ താമസിക്കുന്ന മേഖലയിൽ ജനങ്ങളുടെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണണമെന്ന് സാലിഹ് തീരുമാനിക്കുന്നത്. പിന്നീട് വാഹനത്തിൽ ടാങ്ക് വച്ച് ആവശ്യമുള്ളവർക്കെല്ലാം കുടിവെള്ളം വിതരണം ചെയ്തു. ആ പ്രവൃത്തി ഇപ്പോഴും തുടരുന്നു. വിവിധ ജില്ലകളിൽ ഇരുപതിലധികം വാഹനങ്ങളിലായി ദിനംപ്രതി ലക്ഷക്കണക്കിന് ലിറ്റർ കുടിവെള്ളമാണ് ഒരോ വീട്ടുപടിക്കലേക്കുമെത്തുന്നത്.
തന്റെ വീട്ടുവളപ്പിലെ കിണറിൽ നിന്നും സമൃദ്ധിയായി ലഭിക്കുന്ന വെള്ളം ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് ശുദ്ധീകരിച്ചാണ് വിവിധ പ്രദേശങ്ങളിലേക്ക് എത്തിക്കുന്നത്. വയനാട് ജില്ലയിലെ മുള്ളൻകൊല്ലി പഞ്ചായത്തിൽ രണ്ടായിരം ലിറ്ററിന്റെ ആറ് ടാങ്കുകൾ സ്ഥാപിച്ച് വെള്ളം നൽകുന്ന സ്ഥിരം സംവിധാനവും വിജയം കണ്ടു.
രാവിലെ ഏഴോടെ സി.പി. ട്രസ്റ്റ് വളണ്ടിയർമാരുടെ നേതൃത്വത്തിൽ തുടങ്ങുന്ന കുടിവെള്ള വിതരണം വൈകിട്ട് ഏഴ് വരെ നീളും. സി.പി. സാലിഹിനൊപ്പം സി.പി ട്രസ്റ്റിന്റെ പ്രവർത്തനത്തിന് യാതൊരു പ്രതിഫലവും ആഗ്രഹിക്കാതെ ആത്മാർത്ഥമായി പ്രവർത്തിക്കുന്ന ഒരുകൂട്ടം യുവാക്കളും രംഗത്തുണ്ട്. ഹിലാൽ കുരിക്കൾ, നൗഷാദ് ആറ്റുപറമ്പത്ത്, ടി.എം. നിസാബ്, ഷെമീർ എളേടത്ത്, ഇ.ഡി. ദീപക്, ഷെഫീഖ് അറക്കൽ, ഷൈജു കാനാടി, ബൈജു നെല്ലിക്കത്തറ, വിൻസന്റ്, തുടങ്ങിയവരാണ് ടീമിന്റെ മുൻനിരക്കാർ.