1
വടക്കാഞ്ചേരി നഗരസഭയുടെ ബഡ്ജറ്റ് വൈസ് ചെയർപേഴ്‌സൺ ഷീല മോഹൻ അവതരിപ്പിക്കുന്നു.

വടക്കാഞ്ചേരി: ചാത്തൻചിറ, വാഴാനി, പത്താഴംകുണ്ട്, പൂമല, തൂമാനം എന്നീ പ്രദേശങ്ങളെ ഉൾപ്പെടുത്തി വടക്കാഞ്ചേരിയെ ടൂറിസ്റ്റ് സർക്യൂട്ടാക്കുമെന്ന് വടക്കാഞ്ചേരി നഗരസഭ ബഡ്ജറ്റ് പ്രഖ്യാപനം. വടക്കാഞ്ചേരി നഗരസഭയുടെ 2021-22 വർഷത്തെ ബഡ്ജറ്റ് നഗരസഭ വൈസ് ചെയർപേഴ്‌സൺ ഷീലാമോഹൻ അവതരിപ്പിച്ചു. 80, 95, 32, 584 രൂപ വരവും 74, 55,48, 000 രൂപ ചെലവും 6,39, 84, 584 രൂപ നീക്കിയിരിപ്പുമുള്ള പരിഷ്‌ക്കരിച്ച ബഡ്ജറ്റാണ് അവതരിപ്പിച്ചത്.
കുളങ്ങളുടെയും ചിറകളുടെയും സംരക്ഷണത്തിനായി 15 കോടി, പുതിയ കുടിവെള്ള പദ്ധതികൾക്ക് 1.5. കോടി, മാലിന്യ നിർമ്മാർജ്ജന പദ്ധതിക്കായി 1.5. കോടി, കിണർ റീചാർജിന് 50 ലക്ഷം എന്നീ നാല് ഹെഡുകളിലായാണ് തുക ചെലവഴിക്കുക. പ്രവാസിക്ഷേമ സൗകര്യങ്ങൾക്ക് കൗൺസിൽ പ്രഥമ പരിഗണന നൽകും. ആസാദി കാ അമൃത് മഹോത്സവ് പദ്ധതിയുടെ ഭാഗമായി നഗരസഭ ആരംഭിച്ച ഉദ്യാന പാത വ്യാപിപ്പിക്കും. കൊവിഡ് മൂലം പരമ്പരാഗതമായ തൊഴിൽ നഷ്ടപ്പെട്ടവരെ സംരക്ഷിക്കാനായി മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട് വളർത്തുമൃഗ ഫാമുകൾ ആരംഭിക്കും. വടക്കാഞ്ചേരി പുഴയെ സംരക്ഷിക്കും. ഇതിനായി ഹരിത കേരള മിഷനുമായി ചേർന്ന് പദ്ധതി നടപ്പാക്കും.
ഒ.എൻ.വി കുറുപ്പിന്റെ കവിത ചൊല്ലിയാണ് ബഡ്ജറ്റ് പ്രസംഗം അവസാനിപ്പിച്ചത്. നഗരസഭാ ചെയർമാൻ പി.എൻ. സുരേന്ദ്രൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എം.ആർ. അനൂപ് കിഷോർ, പി.ആർ. അരവിന്ദാഷൻ, ജമീലാബി എ.എം, സി.വി. മുഹമ്മദ് ബഷീർ, നഗരസഭ സെക്രട്ടറി കെ.കെ.മനോജ്, ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീനിവാസൻ, എൻ.സി. സൂപ്രണ്ട് സി.വി. ജയകുമാർ എന്നിവർ പ്രസംഗിച്ചു.

മറ്റ് പ്രധാന പ്രഖ്യാപനങ്ങൾ

പ്രവാസികളുടെ ഡാറ്റ ശേഖരണത്തിനായി സർവെ ആരംഭിക്കും.
പാർളിക്കാട് ബൈപാസിലെ ഒരുവശം മോഡി പിടിപ്പിച്ച് നടപ്പാതയും ഗാർഡനും നിർമ്മിക്കും.
വടക്കാഞ്ചേരിയിൽ ഓപ്പൺ ഓഡിറ്റോറിയം നിർമ്മിക്കും.