പാവറട്ടി: എളവള്ളി പഞ്ചായത്തിലെ എല്ലാ വാർഡുകളിലും ഇനി കെ.എസ്.ആർ.ടി.സി ബസ് സർവീസ്. കെ.എസ്.ആർ.ടി.സിയുടെ ഗ്രാമവണ്ടി പദ്ധതി പ്രകാരമാണ് ഗ്രാമീണ മേഖലയിൽ യാത്രാസൗകര്യം വർദ്ധിപ്പിക്കുന്നത്. ഗുരുവായൂർ, മറ്റം, പാവറട്ടി, പൂവത്തൂർ, താമരപ്പിള്ളി, പെരുവല്ലൂർ എന്നീ പ്രധാന കേന്ദ്രങ്ങളിലേയ്ക്കാണ് പഞ്ചായത്തിലെ ഉൾപ്രദേശങ്ങളിൽ നിന്നും യാത്ര സൗകര്യം ഒരുക്കുന്നത്. നിലവിൽ ഈ മേഖലയിൽ ബസ് സർവീസ് പരിമിതമാണ്. ഉള്ളതാകട്ടെ ചില സമയങ്ങളിൽ മാത്രവുമാണ്. അതുകൊണ്ടാണ് പഞ്ചായത്ത് ഇത്തരത്തിൽ ഒരു പദ്ധതി നടപ്പാക്കുന്നത്.
സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവുമായി ഭരണസമിതി അംഗങ്ങൾ ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം ചേർന്ന എളവള്ളി ഗ്രാമ പഞ്ചായത്ത് ഭരണസമിതി യോഗം ഗ്രാമ വണ്ടി നടപ്പാക്കുന്നതിന് തീരുമാനമെടുത്തത്. പഞ്ചായത്ത് തീരുമാനത്തോടൊപ്പം ബസ് റൂട്ട് തയ്യാറാക്കി അടിയന്തരമായി ഗതാഗത വകുപ്പിന് സമർപ്പിക്കും. അനുമതി ലഭിക്കുന്ന മുറയ്ക്ക് ബസ് സർവീസ് ആരംഭിക്കും.
ഒരു ബസ് പഞ്ചായത്തിന് വിട്ടുനൽകും
ഈ പദ്ധതി പ്രകാരം കെ.എസ്.ആർ.ടി.സിയുടെ ഒരു ബസാണ് പഞ്ചായത്തിനായി വിട്ടുകൊടുക്കുന്നത്. ടിക്കറ്റ് നിരക്ക് കെ.എസ്.ആർ.ടി.സിയിലെ നിലവിലേത് തന്നെയാണ്. ടിക്കറ്റ് വരുമാനം കെ.എസ്.ആർ.ടി.സിക്ക് തന്നെയാണ്. പ്രതിദിനം പഞ്ചായത്ത് 4000 രൂപ ഇന്ധന ചെലവിലേയ്ക്ക് നൽകും. ഒരു വർഷം 15 ലക്ഷം രൂപയാണ് ഗ്രാമപഞ്ചായത്ത് ഗ്രാമവണ്ടിയ്ക്ക് വേണ്ടി വകയിരുത്തുന്നത്.
പദ്ധതിയിലൂടെ പഞ്ചായത്തിലെ 16 വാർഡുകളിലും യാത്രാസൗകര്യം ഏർപ്പെടുത്തുക എന്നതാണ് പ്രധാന ലക്ഷ്യം.
-ജിയോഫോക്‌സ്
(പഞ്ചായത്ത് പ്രസിഡന്റ്)