 
പുതുക്കാട്: റെയിൽവേ സ്റ്റേഷന്റെ പ്ലാറ്റ്‌ഫോമിലേയ്ക്ക് ചാടാൻ നിൽക്കുന്ന കടുവ, കാട്ടുപോത്ത്, പുലി, ആന തുടങ്ങിയ വന്യമൃഗങ്ങളുടെ ജീവൻ തുടിക്കുന്ന ചിത്രങ്ങൾ, സഹ്യന്റെ മക്കളെ സംരക്ഷിക്കുക എന്ന സന്ദേശ പ്രചരണാർത്ഥമുള്ള വാചകങ്ങൾ, സ്റ്റേഷന്റെ ചുമരുകളിലും പ്ലാറ്റ്‌ഫോമിന്റെ മതിലുകളിലും വന്യമൃഗങ്ങളുടെയും പക്ഷികളുടെയും മനോഹര ചിത്രങ്ങൾ, ദൃശ്യഭംഗി കൊണ്ട് കാനന ഛായയായി. ലോക വന ദിനത്തോടനുബന്ധിച്ച് ചിമ്മിനി വന്യജീവി സങ്കേതത്തിന്റെ നേതൃത്വത്തിൽ വരച്ച ചുമർ ചിത്രങ്ങളാണ് പുതുക്കാട് റെയിൽവേ സ്റ്റേഷന് ദൃശ്യചാരുത പകർന്നത്. സഹ്യന്റെ മക്കളെ സംരക്ഷിക്കുക എന്ന സന്ദേശ പ്രചരണാർത്ഥമുള്ള വാചകങ്ങൾ, കാട്ടുതീ തടയേണ്ടതിന്റെ ആവശ്യം തുടങ്ങി സന്ദേശ പ്രചരണങ്ങളും ഉണ്ട്. ചിമ്മിനി ജലാശയത്തിലൂടെ കുട്ടവഞ്ചിയിലൂടെയുള്ള യാത്രചിത്രം അവിടെ എത്തുന്ന സഞ്ചാരികൾക്ക് ്‌ലഭിക്കുന്ന സൗകര്യങ്ങളെയും സൂചിപ്പിക്കുന്നു. റെയിൽവേ തിരുവനന്തപുരം ഡിവിഷന്റെ സഹകരണത്തോടെ പുതുക്കാട് ട്രെയിൻ പാസഞ്ചേഴ്‌സ് അസോസിയേഷനാണ് ഇത്തരം ഒരു ഉദ്യമത്തിന് മൂന്നിട്ടിറങ്ങിയത്. വരന്തരപ്പിള്ളി സ്വദേശി ആർട്ടിസ്റ്റ് കണ്ണന്റെ നേതൃത്വത്തിലാണ് ചിത്രങ്ങൾ വരച്ചത്. ഗ്രാമപഞ്ചായത്ത് അംഗം ടി.എസ്.സജീവൻ ചിത്രങ്ങൾ നാടിന് സമർപ്പിച്ചു. ചിമ്മിനി വൈൽഡ് ലൈഫ് അസിസ്റ്റന്റ് വാർഡൻ, അജയ് കുമാർ, സ്റ്റേഷൻ സൂപ്രണ്ട് കെ.എസ്. ജയകുമാർ, ട്രെയിൻ പാസഞ്ചേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് പി.ആർ. വിജയകുമാർ എന്നിവർ പങ്കെടുത്തു.