ചാലക്കുടി: അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ 3,85,75,000 രൂപയുടെ മാസ്റ്റർ പ്ലാനിന് ചാലക്കുടി നഗരസഭ കൗൺസിൽ യോഗം അംഗീകാരം നൽകി. നഗരസഭയുടെ വിവിധ കമ്മ്യൂണിറ്റി ഹാളുകളുടെ പരിപാലനത്തിനും നടത്തിപ്പിനുമായ ബൈലോ തയ്യാറാക്കുന്നതിനും ചെയർമാൻ വി.ഒ. പൈലപ്പന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. വിശപ്പ് രഹിത കേരള പദ്ധതിയിലെ സുഭിക്ഷ ഹോട്ടൽ ഒരെണ്ണം കൂടി നഗര പരിധിയിൽ ആരംഭിക്കും. വിധവാ സംഘം കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് ഹോട്ടലിനുള്ള അനുമതി. കെട്ടിടത്തിന്റെ വാടക നഗരസഭയും ഭക്ഷ്യ സബ്‌സിഡി സിവിൽ സപ്ലൈസും നൽകും. 9.23 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന ആധുനിക മത്സ്യ മാർക്കറ്റ് സമുച്ചയത്തിന്റെ പ്രോജക്ടിന് അംഗീകാരം നൽകി. നിലവിൽ മത്സ്യമാംസ മാർക്കറ്റിൽ ശുദ്ധജല വിതരണത്തിലെ അപാകത പരിഹരിക്കുന്നതിന് അടിയന്തരമായി താഴെ രണ്ടു ടാങ്കുകൾ സ്ഥാപിക്കും. ഇതിൽ നിന്നും വെള്ളം പമ്പ് ചെയ്യുന്നതിന് രണ്ടു പുതിയ മോട്ടോറുകളും വാങ്ങും. ആവശ്യമെങ്കിൽ വാഹനങ്ങളിൽ വെള്ളം എത്തിക്കും. തുടർന്ന് പരിസരത്ത് പുതിയ കിണർ സ്ഥാപിക്കുകയോ അല്ലെങ്കിൽ ടൗൺഹാൾ മൈതാനിയിലെ കിണറിൽ നിന്നും ഇവിടേയ്ക്ക് വെള്ളം എത്തിക്കുകയോ ചെയ്യും. വൈസ് പ്രസിഡന്റ് സിന്ധു ലോജു, പ്രതിപക്ഷ നേതാവ് സി.എസ്. സുരേഷ്, അഡ്വ. ബിജു ചിറയത്ത്, കെ.വി. പോൾ, ഷിബു വാലപ്പൻ, വി.ജെ. ജോജി, വത്സൻ ചമ്പക്കര, എബി ജോർജ്, നിതാ പോൾ, എം.എം. അനിൽകുമാർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.