ചാലക്കുടി: അത്യുത്പ്പാദന ശേഷിയുള്ള വിത്തുകളിലൂടെ കൃഷി വ്യാപിപ്പിച്ച് തരിശ് രഹിത നെൽക്കൃഷി ബ്ലോക്ക് എന്ന ലക്ഷ്യം സാക്ഷാത്ക്കാരിക്കാൻ തയ്യാറെടുക്കുകയാണ് പ്രസിഡന്റും കക്കാട് പാടശേഖര സമിതിയും. ഇതിനായി തന്റെ തട്ടകത്തിൽ പുതിയ വിത്തിനങ്ങൾ പരീക്ഷിക്കുന്നതിന്റെ തിരക്കിലാണ് ബ്ലോക്ക് പഞ്ചായത്തിന്റെ അദ്ധ്യക്ഷൻ വേണു കണ്ഠരുമഠത്തിൽ. മാള അഗ്രോ സർവീസ് കേന്ദ്രം, ചാലക്കുടി ബ്ലോക്ക് എ.ഡി.എ എന്നിവയുടെ സംയുക്ത സംരംഭമായ പുതിയ വിത്തിനങ്ങൾ വ്യാപിക്കലിന്റെ പൂർണ ചുമതല പരമ്പരാഗത കർഷകൻ കൂടിയായ വേണു എറ്റെടുത്തിരിക്കുന്നു. പട്ടാമ്പി നെൽ വിത്ത് ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത അക്ഷയ, സുപ്രിയ വിത്തുകൾ കക്കാടുള്ള നെല്ല് ഉത്പ്പാദക സമൂഹത്തിനായി എത്തിച്ചതും ഇതിന്റെ സെക്രട്ടറി കൂടിയായ ഇദ്ദേഹമാണ്. ഞാറ്റടികൾ തയ്യാറാക്കലും മറ്റും ട്രില്ലർ ഓടിച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നടത്തുന്നു. അങ്ങനെ സംസ്ഥാന സർക്കാരിന്റെ തരിശ് രഹിത നെൽപ്പാട പദ്ധതിക്കായി ഒരു മുഴം മുൻപെ ഉഴുതു മറിക്കുകയാണ് വേണു കണ്ഠരുമഠത്തിൽ നേതൃത്വം നൽകുന്ന ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത്.

പുതിയ വിത്തുകൾ ഉടനെ എത്തും
കൂടുതൽ വിളവും നേരത്തെയുള്ള വിളവെടുപ്പും പ്രതീക്ഷിക്കുന്ന പുതിയ വിത്തുകൾ ഉടനെ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ തരിശായി കിടക്കുന്ന മുഴുവൻ പാടശേഖരങ്ങളിലുമെത്തിക്കും. തരിശ് ഭൂമിയിൽ കൃഷിയിറങ്ങുന്നതിന് അതാതിടങ്ങളിലെ പാടശേഖര സമിതിക്ക്്് ആനുകൂല്യങ്ങളും പരിശീലനവും നൽകും.