വലപ്പാട്: ജി.ഡി.എം എൽ.പി സ്‌കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥി കെ.ഡി. ആകർഷിന്റെ വിയോഗം ഏവരെയും ദുഃഖത്തിലാഴ്ത്തി. ഇതേ തുടർന്ന് സ്‌കൂളിന്റെ നൂറാം വാർഷികാഘോഷ പരിപാടികൾ റദ്ദാക്കി. തിങ്കളാഴ്ച മെഡിക്കൽ കോളേജ് ആശുപത്രിയിൽ പേ വിഷബാധയേറ്റായിരുന്നു ആകർഷിന്റെ മരണം. വാദ്യോപകരണങ്ങളിലും അനുബന്ധകലകളിലും വിസ്മയം തീർക്കുന്ന വിദ്യാർത്ഥി പ്രതിഭയായിരുന്നു ആകർഷ്. കൊവിഡിനെ തുടർന്ന് സ്‌കൂൾ അടഞ്ഞുകിടന്നപ്പോൾ ഓൺലൈൻ പ്രതിഭോത്സവങ്ങളിൽ ആകർഷ് നടത്തിയ വാദ്യോപകരണങ്ങളിലെ പ്രകടനം ശ്രദ്ധേയമായിരുന്നു. ചെണ്ടയിലും ഡ്രമ്മിലുമായിരുന്നു കൂടുതൽ താത്പര്യം. വിദ്യാലയത്തിലെ മറ്റു കലാപരിപാടികളിലും സജീവമായിരുന്നു. മാർച്ച് 31ന് സ്‌കൂളിന്റെ നൂറാം വാർഷികാഘോഷത്തിൽ പങ്കെടുക്കാനുള്ള പരിശീലനത്തിലായിരുന്നു ഈ കുരുന്നു പ്രതിഭ.