തൃശൂർ: ഒല്ലൂർ തൈക്കാട്ടുശ്ശേരി പനയംപാടത്ത് മണിയ്ക്കും ലളിതയ്ക്കും പിഞ്ചോമനകൾക്കും രാജീവ് ഗാന്ധി പഠനകേന്ദ്രം പണികഴിപ്പിച്ച വീട് സ്‌നേഹക്കൂടിന്റെ താക്കോൽദാനം നാളെ നടക്കും. 22 വയസുള്ള മകൻ അപകടത്തിൽ മരിച്ചതിന് ശേഷം കൃത്രിമ ഗർഭധാരണത്തിലൂടെയാണ് മണിക്കും ലളിതയ്ക്കും രണ്ട് കുട്ടികൾ പിറക്കുന്നത്. ഓട്ടോത്തൊഴിലാളിയായ മണിയുടെ വരുമാനമാർഗം കൊവിഡ് ബാധിച്ചതോടെ നിലച്ചു. ഒന്നര വയസ് കഴിഞ്ഞ കുഞ്ഞുങ്ങളുടെ ജീവിതവും ഇതോടെ നരകതുല്യമായി. കുഞ്ഞുങ്ങൾക്ക് പാല് കൊടുക്കാൻ കഴിയാതെ കട്ടൻകാപ്പി നൽകി വിശപ്പടക്കാൻ ശ്രമിക്കുന്ന ഗതികേടിലായ അറുപത് കഴിഞ്ഞ ലളിതയുടേയും മണിയുടേയും ഒല്ലൂർ തൈക്കാട്ടുശ്ശേരി പനയംപ്പാടത്തെ വീട്ടിലെ അവസ്ഥ ദയനീയമായിരുന്നു. കടംകയറി പട്ടിണിയിലായി. ഈ സാഹചര്യം മനസ്സിലാക്കിയ രാജീവ് ഗാന്ധി പഠനകേന്ദ്രത്തിന്റെ പ്രവർത്തകർ എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു ചെറിയ വീട് പണിതുകൊടുക്കാൻ തീരുമാനിക്കുകയായിരുന്നു. 550 സ്‌ക്വയർഫീറ്റുള്ള ആ സ്‌നേഹക്കൂടിന്റെ താക്കോൽദാനമാണ് നാളെ നടക്കുക. ചടങ്ങിൽ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.