പുതുക്കാട്: താലൂക്ക് ആശുപത്രിയിൽ അടുത്ത മാസം അവസാനത്തോടെ സ്ത്രിരോഗ വിഭാഗം പ്രവർത്തനം ആരംഭിക്കുമെന്ന് കെ.കെ. രാമചന്ദ്രൻ എം.എൽ.എ അറിയിച്ചു. മണ്ഡലത്തിൽ താലൂക്ക് ആശുപത്രി ഉൾപ്പടെയുള്ള ആരോഗ്യ കേന്ദ്രങ്ങളുടെ വികസന കാര്യങ്ങൾ പരിശോധിക്കാൻ നടത്തിയ യോഗത്തിനു ശേഷമായിരുന്നു എം.എൽ.എ ഇക്കാര്യം അറിയിച്ചത്. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രജ്ഞിത്ത്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി.എസ്. പ്രിൻസ്, സരിത രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല ജോർജ് തുടങ്ങിയവർ പങ്കെടുത്തു.
യോഗ തീരുമാനങ്ങൾ
സ്ത്രിരോഗ വിഭാഗത്തിന്റെ പ്രവർത്തനത്തിനായി ആവശ്യമായ ക്രമീകരണങ്ങൾ എർപ്പെടുത്തും.
ഡയാലിസിസ് രോഗികൾക്കായി അഡീഷണൽ ഷിഫ്റ്റ് അടുത്ത മാസം മുതൽ.
റേഡിയോളജിസ്റ്റിന്റെ സേവനം ആഴ്ചയിൽ ഒരു ദിവസം.
ബ്ലഡ് സ്റ്റോറേജ് പ്രവർത്തനക്ഷമമാക്കും.
ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടർമാർ ഉൾപ്പടെയുള്ളവർക്ക് പരിശീലനം നൽകും.
ലേബർ റൂം ഉൾപ്പടെയുള്ള ഗൈനക് വിഭാഗത്തിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിനായി വിശദമായ എസ്റ്റിമേറ്റും റിപ്പോർട്ടും മാർച്ച് 30 നകം സമർപ്പിക്കും.
മറ്റത്തൂർ സി.എച്ച്.സിയിൽ സിവിൽ സർജൻ ഉൾപ്പടെയുള്ള ഒഴിവുകളിലേക്ക് ഉടൻ നിയമനം നടത്തും.
ട്രോമകെയർ യൂണിറ്റ് ആരംഭിക്കുന്നതിന് ആവശ്യമായ വിശദമായ റിപോർട്ട് തയ്യാറാക്കി സമർപ്പിക്കും.