ഷൺമുഖം കനാൽ

എടക്കുളം: പൂമംഗലം ഒന്നാം വാർഡിൽ ഉൾപ്പെട്ട ഷൺമുഖം കനാൽ വടക്കേ ബണ്ടിന്റെ സംരക്ഷണ ഭിത്തി ഇറിഗേഷൻ വകുപ്പ് പുനർനിർമ്മിച്ചു. 2020 ഫെബ്രുവരി 13ന് മൂന്നിടത്തായി താഴേയ്ക്കിടിഞ്ഞ സംരക്ഷണ ഭിത്തിയാണ് പുനർനിർമ്മിച്ചത്. 2021 ജനുവരിയിൽ മണ്ണിന്റെ സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തി മണ്ണിന്റെ ബലക്കുറവാണ് താഴേയ്ക്ക് ഇരിക്കാൻ കാരണമായതെന്ന് കണ്ടെത്തിയിരുന്നു.

മണ്ണ് പരിശോധനാ ഫലം വന്ന് പുതിയ പദ്ധതി സമർപ്പിച്ച് അനുമതി നേടിയെടുത്താണ് ഇപ്പോൾ ഒരു വർഷത്തിന് ശേഷം തകർന്ന സംരക്ഷണ ഭിത്തി പുനർനിർമ്മിച്ചത്. ഇരിങ്ങാലക്കുട നഗരസഭയിൽ നിന്നാരംഭിച്ച് പൂമംഗലം, പടിയൂർ പഞ്ചായത്തുകളിലൂടെ കടന്ന് പടിഞ്ഞാറ് കനോലി കനാലിലാണ് ഷൺമുഖം കനാൽ അവസാനിക്കുന്നത്.

സംസ്ഥാന സർക്കാരിന്റെ പദ്ധതിയിലുൾപ്പെടുത്തി ഏഴ് കോടി രൂപ ചെലവഴിച്ചാണ് അഡിഷണൽ ഇറിഗേഷൻ വകുപ്പ് ഏഴ് കിലോമീറ്ററോളം നീളത്തിലുള്ള ഷൺമുഖം കനാൽ നവീകരിച്ചത്. കനാലിന്റെ ഇരുവശത്തും സംരക്ഷണ ഭിത്തി നിർമ്മിച്ച് ചെളി നീക്കി ആഴംകൂട്ടുന്ന പ്രവൃത്തികളാണ് നവീകരണ പ്രവൃത്തിയിൽ ഉൾപ്പെടുത്തി നടത്തിയത്. 2017-18 വർഷത്തിൽ ആരംഭിച്ച പദ്ധതിയുടെ സംരക്ഷണ ഭിത്തി നിർമ്മാണവും ആഴം കൂട്ടുന്ന പ്രവൃത്തികളും നടന്നുവരുന്നതിനിടയിലാണ് പൂർത്തിയായ ഭാഗത്ത് അരിക് ഇടിഞ്ഞത്.