പുന്നയൂർ: വനിതാ ക്ഷേമ പദ്ധതികൾക്ക് 10 ലക്ഷം വകയിരുത്തി പുന്നയൂർ പഞ്ചായത്ത് വാർഷിക ബഡ്ജറ്റ്. 2022-23 സാമ്പത്തിക വർഷത്തെ ബഡ്ജറ്റിൽ പഞ്ചായത്തിന് കീഴിലുള്ള കുടുംബശ്രീ യൂണിറ്റുകളെയും ഓക്‌സിലറി ഗ്രൂപ്പുകളെയും ഉൾപ്പെടുത്തി വനിതാ സേവന പ്രവർത്തനങ്ങൾ നടപ്പാക്കുകയാണ് ലക്ഷ്യം. വനിതകൾക്കായി കായിക പരിശീലനം, തൊഴിൽ പരിശീലനം, സാംസ്‌കാരിക കേന്ദ്രം, വനിതാ സഹകരണ സംഘം എന്നിവ പ്രാവർത്തികമാക്കും. ഓട്ടോഡ്രൈവിംഗ് പരിശീലനം, ചകിരി സംഭരണ സംസ്‌കരണ യൂണിറ്റ്, തയ്യൽ പരിശീലനം, ചിപ്‌സ് നിർമ്മാണം, കരകൗശല നിർമ്മാണ പരിശീലനം, എന്നിവയാണ് സ്ത്രീകളുടെ സ്വയം തൊഴിലിനു വേണ്ടി പഞ്ചായത്ത് ആവിഷ്‌ക്കരിക്കുന്ന പദ്ധതികൾ. യോഗ, കരാട്ടെ, കളരി തുടങ്ങിയവയ്ക്ക് പ്രാധാന്യം നൽകും. പൊതുസ്ഥലങ്ങളിൽ മുലയൂട്ടൽ കേന്ദ്രം, സ്ത്രീ സൗഹ്യദ ടോയ്‌ലറ്റ് സൗകര്യങ്ങൾ ഏർപ്പെടുത്തും.