കൊരട്ടി: 36,92,39,046 രൂപ വരവും 36,30,56,750 രൂപ ചെലവും 61,82,296 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന കൊരട്ടി പഞ്ചായത്തിന്റെ 2022-23 സാമ്പത്തിക വർഷത്തെ ബഡ്ജറ്റ് വൈസ് പ്രസിഡന്റ് ഷൈനി ഷാജി അവതരിപ്പിച്ചു. തെളിനീർ പദ്ധതിയിലൂടെ കുടിവെള്ളവും സ്‌നേഹക്കൂടാരം, ലൈഫ് പദ്ധതികളിലൂടെ സുരക്ഷിത ഭവനങ്ങളും ഉറപ്പു വരുത്തുന്നതാണ് ബഡ്ജറ്റ്. തെളിനീർ പദ്ധതിക്ക് 50 ലക്ഷം രൂപയും സമ്പൂർണ കുടിൽരഹിത പഞ്ചായത്ത് എന്ന സ്വപ്ന പദ്ധതിക്ക് പഞ്ചായത്ത് വിഹിതമായി 27 ലക്ഷവും ജില്ലാ, ബ്ലോക്ക് പഞ്ചായത്ത് വിഹിതമായി 3 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. പ്രസിഡന്റ് പി.സി. ബിജു അദ്ധ്യക്ഷനായി.

ബഡ്ജറ്റിലെ മറ്റ് പ്രധാന പ്രഖ്യാപനങ്ങൾ
സമ്പൂർണ എൽ.ഇ.ഡി വഴിവിളക്കുകൾക്കും സ്ട്രീറ്റ്‌ലൈൻ സ്ഥാപിക്കാനും-20 ലക്ഷം, വയോജന സ്ത്രീ ഭിന്നശേഷി ബാല സൗഹൃദം കാര്യക്ഷമമാക്കാൻ-55 ലക്ഷം.
ടർഫ് സ്റ്റേഡിയത്തിന്റെ സാക്ഷാത്ക്കാരത്തിനും കൊരട്ടി സ്‌പോർട്‌സ് ഹബ് പണിയാനും കോനൂർ പഞ്ചായത്ത് മൈതാനം ആധുനീകരിക്കാനും-1.25 കോടി.
സ്ത്രീകൾക്ക് ഇൻഡോർ ജിംനേഷ്യം സ്ഥാപിക്കാനും കരാട്ടെ, യോഗ, തായ്‌ക്കൊണ്ട എന്നിവയിൽ പരിശീലനം നൽകാനും-17 ലക്ഷം.