കയ്പമംഗലം: മതിലകം ബ്ലോക്ക് പഞ്ചായത്തിന്റെ 2022- 23 വർഷത്തെ ബഡ്ജറ്റ് ബ്ലോക്ക് പ്രസിഡന്റ് സി.കെ. ഗിരിജയുടെ അദ്ധ്യക്ഷതയിൽ ബ്ലോക്ക് വൈസ് പ്രസിഡന്റ് സി.എസ്. സലീഷ് അവതരിപ്പിച്ചു.

നീന്തൽ പരിശീലന കേന്ദ്രത്തിനും, ബഡ്‌സ് റിഹാബിലിറ്റേഷൻ സെന്ററിനും പ്രാധാന്യം നൽകി 38,66,52,000 രൂപ വരവും, 38,10,46560 രൂപ ചെലവും, 5605440 രൂപ മിച്ചവുമുള്ള ബഡ്ജറ്റിൽ ക്ഷീര വികസനത്തിനും കൃഷിക്കും പാർപ്പിടത്തിനും പ്രത്യേകം പരിഗണന നൽകിയിട്ടുണ്ട്.

ഉത്പാദന മേഖലയ്ക്ക് 94,01,760 രൂപയും, സേവന മേഖലയ്ക്ക് 5,66,99,440 രൂപയും, പശ്ചാത്തല മേഖലയ്ക്ക് 78,34,800 രൂപയും വകയിരുത്തിയിട്ടുണ്ട്. സ്ത്രീ ശാക്തീകരണത്തിനും, അതിദാരിദ്ര്യം ഇല്ലാതാക്കുന്നതിനും, വയോജനങ്ങൾക്കും കുട്ടികക്കുമായി പ്രത്യേകം പദ്ധതികളും തയ്യാറാക്കിയിട്ടുണ്ട്.

ചെറുകിട വ്യവസായ സംരംഭങ്ങൾ തുടങ്ങുന്നതിനായും വനിതകളുടെ സാമ്പത്തിക ശാക്തീകരണത്തിനുമുള്ള പദ്ധതികളും ആവിഷ്‌കരിച്ചിട്ടുണ്ട്. ബി.ഡി.ഒ എം.എസ്. വിജയ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.എ. ഹസ്ഫൽ, ഷീജ ബാബു, വത്സമ്മ ടീച്ചർ, ആർ.കെ. ബേബി, നൗഷാദ് കറുകപ്പാടത്ത്, വി.എസ്. ജിനേഷ്, മിനി ഷാജി, കെ.എ. കരീം, ഹഹ്‌സ ഒഫൂർ എന്നിവർ സംസാരിച്ചു.