പാവറട്ടി: എളവള്ളി പഞ്ചായത്തിലെ വാക വാർഡിലുള്ള കാക്കത്തിരുത്തി പ്രദേശത്തെ വെള്ളക്കെട്ടിന് പരിഹാരം കാണാൻ വലിയ പാലത്തിന്റെ നിർമ്മാണം ആരംഭിച്ചു. റോഡ് പുനരുദ്ധാരണവും നടത്തും. വർഷക്കാലത്ത് വാകയിൽ നിന്നും കാക്കത്തിരുത്തി ഗ്രാമത്തിലേയ്ക്കുള്ള റോഡ് വെള്ളത്തിൽ മുങ്ങിപ്പോകുന്നത് പതിവാണ്. പാലം നിർമ്മാണവും റോഡ് പുനരുദ്ധാരണവും വെള്ളക്കെട്ടിന് പരിഹാരമാകും. മുരളി പെരുനെല്ലി എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 35 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ പാലം നിർമ്മിക്കുന്നത്. ആറു മീറ്റർ നീളത്തിലും 1.5 മീറ്റർ ഉയരത്തിലുമാണ് പാലം നിർമ്മിക്കുന്നത്. പാലത്തിന്റെ ശിലാസ്ഥാപനം മുരളി പെരുനെല്ലി എം.എൽ.എ നിർവഹിച്ചു. എളവള്ളി പഞ്ചായത്ത് പ്രസിഡന്റ് ജിയോഫോക്‌സ് അദ്ധ്യക്ഷത വഹിച്ചു. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാൽ മുഖ്യാതിഥിയായിരുന്നു. ജനപ്രതിനിധികളായ ബെന്നി ആന്റണി, ബിന്ദു പ്രദീപ്, ലീന ശ്രീകുമാർ, കെ.ഡി. വിഷ്ണു, എൻ.ബി. ജയ, ടി.സി. മോഹനൻ തുടങ്ങിയ ജനപ്രതിനിധികളും പാടശേഖര ഭാരവാഹികളും പ്രസംഗിച്ചു.